<p>ആലപ്പുഴ: ലോക് ഡൗണ്‍ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിത പ്രതിഷേധം നടത്തിയതില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗാളുകാരനായ അന്‍വര്‍ അലിയാണ് അറസ്റ്റിലായത്. നിയമലംഘനം, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബംഗാളുകാരനായ മുഹമ്മദ് റിഞ്ചുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ഇന്നലെ പായിപ്പാട് പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തിരുന്നു.</p>
<p>അനധികൃതമായി സംഘം ചേര്‍ന്നതിന് കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പായിപ്പാട് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലുപേരില്‍ കൂടുതല്‍ കൂടരുതെന്നാണ് നിര്‍ദേശം. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗായി 20 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.</p>
<p>പായിപ്പാട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെല്ലാം സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികള്‍ തന്നെയാണ് പാചകക്കാര്‍. ഇവിടേക്കാവശ്യമായ അവശ്യവസ്തുക്കള്‍ ജില്ലാഭരണകൂടം ഉറപ്പുവരുത്തും. ഇതിനിടെ ഇന്നലെ പട്ടാമ്പിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച സിഐടിയു നേതാവിനെതിരെ കേസെടുത്തു.</p>
<p>ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രൈംബ്രാഞ്ച് ഐ.ജി.എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹമിന്ന് പായിപ്പാട് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലിയിരുത്തും.</p>