പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സുപ്രധാന വിവരങ്ങള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിശ്ചിത ബിറ്റ്കോയിന്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നശിപ്പിക്കുമെന്നാണ് ഹാക്കര്‍മാര്‍ ഇ-മെയില്‍ സന്ദേശത്തിലുടെ ഭീഷണിപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ കേന്ദ്രമായ ബിറ്റ്‌കോയിന്‍ എന്ന ഐ.പി. വിലാസം മുഖേനയാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിലെ നാലു വര്‍ഷത്തെ വിവരങ്ങളാണ് വിദേശ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. രോഗികളേയും ഡോക്ടര്‍മാരെയും കുറിച്ചുള്ള വിവരങ്ങളും ചികിത്സാരീതികളും അടക്കമുള്ള കാര്യങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. വിവരങ്ങള്‍ ഹാക്ക് ചെയ്തതോടെ മണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ 4.40 നും രണ്ടിന് ഉച്ചയ്ക്ക് ഒരുമണിയ്ക്കുമിടയിലാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.