മൂവാറ്റുപുഴ: ബസ് യാത്രയ്ക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാര്‍. മിന്നല്‍ വേഗത്തിലാണ് കെഎസ്ആര്‍ടിസി ബസ് മൂവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് പാഞ്ഞത്. തൃക്കളത്തൂര്‍ കാവുംപടി ഇലവന്ത്ര ഇജെ ആന്‍ഡ്രൂസിനെ (72) യാണ് ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കൃത്യസമയത്ത് മൂവാറ്റുപുഴ നെടുംചാലില്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്.
ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് ആന്‍ഡ്രൂസിനെ മാറ്റി. വ്യാഴാഴ്ച ഏഴ് മണിയോടെയാണ് തോപ്പുംപടി – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസില്‍ ആന്‍ഡ്രൂസും ഭാര്യയും കയറിയത്. കടാതിയില്‍ എത്തിയപ്പോഴാണ് ആന്‍ഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്.
യാത്രക്കാര്‍ വിവരം അറിയിച്ചതോടെ കണ്ടക്ടര്‍ മിഥുനും ഡ്രൈവര്‍ സനില്‍ കുമാറും ബസ് നേരെ ആശുപത്രിയിലേക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നഴ്സ് ആന്‍ഡ്രൂസിന് സിപിആര്‍ നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ ബസ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും കൃത്യസമയം സിപിആര്‍ നല്‍കിയതുമാണ് ആന്‍ഡ്രൂസിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.