താരങ്ങളുടെ പൊതുവേദിയിലെ രോഷപ്രകടനം എല്ലായ്പ്പോഴും വാർത്തയാകാറുണ്ട്. ആ ശ്രേണിയിലേക്ക് ഒരു വാർത്തകൂടി പുറത്തുവരികയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ക്ഷുഭിതനായ തമിഴ്നടൻ പാർത്ഥിപൻ കാണികൾക്കുനേരെ മൈക്ക് വലിച്ചെറിഞ്ഞതാണ് ആ സംഭവം. സംഗീതസംവിധായകൻ എ.ആർ. റഹ്മാനും വേദിയിലുണ്ടായിരുന്നു.
പാർത്ഥിപൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഇരവിൻ നിഴൽ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഓഡിയോ ലോഞ്ചിനിടെ ഇരുവരും സംസാരിക്കുന്നതിനിടെ പാർത്ഥിപന്റെ മൈക്ക് പ്രവർത്തിക്കുന്നില്ലെന്നും സംസാരിക്കുന്നത് കേൾക്കുന്നില്ലെന്നും കാണികൾ ചൂണ്ടിക്കാട്ടിയതോടെയാണ് താരത്തിന് കലി കയറിയത്. ഇതാദ്യം തന്നെ പറയണ്ടേ എന്നുചോദിച്ചാണ് പാർത്ഥിപൻ മൈക്ക് വലിച്ചെറിഞ്ഞത്. ഇതെല്ലാം കണ്ട് അമ്പരന്ന് നിൽക്കുന്ന എ.ആർ. റഹ്മാനെയാണ് പുറത്തുവന്ന വീഡിയോയിൽ കാണുന്നത്.
എന്നാൽ തൊട്ടുപിന്നാലെ തന്നെ പാർത്ഥിപൻ ക്ഷമയും ചോദിച്ചു. വേദിയിൽ എ.ആർ. റഹ്മാൻ നൽകിയ ഷീൽഡ് ഒരു കൈകൊണ്ട് ഏറ്റുവാങ്ങിയതുകൊണ്ട് കൈ ഉളുക്കിയിരുന്നു. അതിന്റെ വേദന താങ്ങാനാവുന്നതായിരുന്നില്ല. മൈക്ക് പ്രവർത്തിക്കുന്നില്ല എന്നുകൂടി അറിഞ്ഞപ്പോഴുണ്ടായ ടെൻഷൻ കാരണമാണ് അങ്ങനെയെല്ലാം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ ആദ്യത്തെ സിംഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ എന്ന വിശേഷണവുമായാണ് ഇരവിൻ നിഴൽ എത്തുന്നത്. പാർത്ഥിപൻ തന്നെ നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, അനന്ത കൃഷ്ണൻ, ബ്രിജിഡ സാഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 50 വയസുകാരനായാണ് പാർത്ഥിപൻ എത്തുന്നത്. അദ്ദേഹം ഇതിന് മുമ്പ് സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.