ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് മുതല്‍. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇതുള്‍പ്പെടെ 25 നിര്‍ണായക ബില്ലുകളാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെ 25 ദിവസം നീളുന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമായേക്കും. യുപി, പഞ്ചാബ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും കാര്യമായ വിട്ടുവീഴ്ചകള്‍ക്കു തയാറായേക്കില്ല.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കലും മിനിമം താങ്ങുവിലയും അടക്കമുള്ള പ്രശ്‌നങ്ങള്‍, ലംഖിപൂര്‍ കേസ്, പെഗാസസ് ചാര സോഫ്റ്റ്വേര്‍ വിവാദം, ഇന്ധനവില, വിലക്കയറ്റം, സാന്പത്തിക മാന്ദ്യം, കോവിഡ്- വാക്‌സിനേഷന്‍ പോരായ്മകള്‍ എന്നിവ മുതല്‍ ജമ്മു കാഷ്മീരിലെ സാധാരണക്കാര്‍ക്കു നേര്‍ക്കുണ്ടാകുന്ന ഭീകരാക്രമണങ്ങളും ജമ്മു കാഷ്മീരിനു പൂര്‍ണ സംസ്ഥാന പദവി തിരിച്ചു നല്‍കല്‍, മരവിപ്പിച്ചു നില്‍ക്കുന്ന പൗരത്വ നിയമങ്ങള്‍ തുടങ്ങിയവ സമ്മേളനത്തില്‍ വിഷയങ്ങളാകും.
ഡിസംബര്‍ 23ന് അവസാനിക്കുന്ന സമ്മേളനത്തില്‍ ആകെയുള്ള 19 പ്രവൃത്തിദിനങ്ങളും കഴിഞ്ഞ സമ്മേളനങ്ങളിലേതു പോലെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകും നടത്തുക. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇത്തവണയും എക്‌സ് എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്നു സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.