ന്യൂഡൽഹി: പാര്‍ലമെന്‍റ് പുകയാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണെന്ന് വിവരം. സംഭവ സമയത്ത് ഇയാൾ പാര്‍ലമെന്‍റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്‍റെ വിഡിയോ ചിത്രീകരിച്ചെന്നും പൊലീസ് പറയുന്നു. ലളിത് ഝായ്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ജനുവരി മുതൽ പ്രതികള്‍ ആസൂത്രണം തുടങ്ങിയതായും ഡൽഹി പൊലീസ് പറയുന്നു. ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ് ഫെയ്സ്ബുക് ഗ്രൂപ്പിൽ എല്ലാവരും അംഗങ്ങളാണ്. മൺസൂൺ സമ്മേളനത്തിൽ പ്രതികളിൽ ഒരാളായ മനോരഞ്ജൻ പാര്‍ലമെന്റിനുള്ളിൽ കടന്ന് നിരീക്ഷണം നടത്തിയിരുന്നു.
നേരത്തെ കർഷക പ്രക്ഷോഭത്തിലുൾപ്പെടെ ജനകീയ വിഷയങ്ങളിൽ ലളിത് ഝാ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഒന്നര വർഷം മുൻപ് ചണ്ഡിഗഡിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്നാണു വിവരം. പിന്നീട് ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ ബന്ധം ദൃഢമായി. മൂന്നു ദിവസങ്ങൾക്കു മുൻപ് പല സ്ഥലങ്ങളിൽനിന്നു ഡൽഹിയിൽ എത്തി ഇന്ത്യാ ഗേറ്റിൽ വച്ച് കണ്ടുമുട്ടി. ഇവിടെവച്ചാണ് കാനിസ്റ്ററുകൾ കൈമാറിയത്. കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപുതന്നെ ഇവർ സ്ഥലത്ത് എത്തിയിരുന്നു.
അതേസമയം പാർലമെന്റിൽ കടന്നു കയറിയത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണെന്നാണ് പ്രതികളുടെ മൊഴി. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ, വിലക്കയറ്റം, മണിപ്പുർ വിഷയങ്ങളിലാണ് പ്രതിഷേധം. പുലർച്ചെ നാലുമണിവരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ ആറുപേർ പിടിയിലായിട്ടുണ്ട്. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്
സംഭവത്തിനു പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പാർലമെന്റിലേക്കുള്ള സന്ദർശക പാസുകൾ ഇന്നലെ മുതൽ റദ്ദാക്കി. സമീപത്തെ വഴികളിൽ ശക്തമായ നിയന്ത്രണവും കർശന പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായവർക്കു പുറമെ മറ്റാരെങ്കിലും സംഘത്തിലുണ്ടോ എന്നും ഉണ്ടെങ്കിൽ ഇവർ ഡൽഹിയിൽ ഉണ്ടാവാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.