പരിയാരം: പരിയാരം കവർച്ചാക്കേസ് പ്രതികളെ ഒന്നിനുപിറകെ ഒന്നായി കീഴടക്കിയത് പരിയാരം പോലീസ് സ്ക്വാഡ് വിശ്രമമില്ലാതെയുള്ള കഠിന പരിശ്രമത്തിലൂടെ.
ഒക്ടോബർ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ. ഷക്കീർ, ഡോ. ഫർസീന ദമ്പതിമാരുടെ വീട്ടിൽ കവർച്ച നടന്നത്. അന്നേദിവസം ഇവർ എറണാകുളത്ത് പോയിരുന്നു. രാത്രി വീട്ടിലെത്തിയ കവർച്ച സംഘം ജനലഴികൾ മുറിച്ച് അകത്തുകടന്ന് ഫർസീനയുടെ മാതൃസഹോദരിയായ വയോധികയെ ഭീഷണിപ്പെടുത്തി പത്ത് പവനും പണവും കവർന്നത്
രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിയുന്നത്. സെപ്റ്റംബർ 21-ന് പ്രദേശത്തെ പളുങ്കുബസാറിൽ മാടാളൻ അബ്ദുള്ളയുടെ വീട്ടിലും സമാനരീതിയിൽ കവർച്ചനടത്തി 25 പവനും 15,000 രൂപയും കവർന്നിരുന്നു. ജില്ലാ പോലീസ് മേധാവി എം. ഹേമലത കവർച്ചനടന്ന വീടുകളിലെത്തി. ഡിവൈ.എസ്.പി. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് രൂപംനൽകി.
തെളിവുകളൊന്നും ബാക്കിവെക്കാതെയുള്ള കവർച്ചയായിരുന്നു. സി.സി.ടി.വി. തുണികൊണ്ട് മറക്കുകയും ഇതിന്റെ ഡി.വി.ആർ. കൊണ്ടുപോകുകയും ചെയ്തിരുന്നു. വിരലടയാളമോ മറ്റ് തെളിവുകളൊ ഇല്ലാത്ത കേസിൽ ഏത് സംഘമാണ് കവർച്ച നടത്തിയത് എന്നറിയാൻ അന്വേഷണസംഘം കിണഞ്ഞുപരിശ്രമിച്ചു. മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത പി. നളിനാക്ഷൻ പരിയാരം എസ്.എച്ച്.ഒ.യായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വേഗം കൈവന്നത്.
നിരവധി സി.സി.ടി.വി.കൾ പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായ കാർ കണ്ടെത്തുകയും ഇതിന്റെ നമ്പർ വ്യാജമാണെന്ന് മനസ്സിലാക്കുകയുംചെയ്തു. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ വാഹനം പരിയാരം-കാഞ്ഞങ്ങാട്-ചെർക്കള വഴി കർണാടകയിലേക്ക് പോയതായും കുശാൽനഗറിൽ എത്തിയതായും മനസ്സിലായി. തുടർന്ന് കുശാൽനഗറിനടുത്തുള്ള ശുണ്ടിക്കൊപ്പയിലെ ഹോട്ടലിൽനിന്ന് കവർച്ച സംഘങ്ങളുടെ വ്യക്തമായ ദൃശ്യങ്ങളും കിട്ടി. ഇവിടെവെച്ച് അവർ ഫോൺ ഓൺചെയ്തതായി മനസ്സിലായി.
ഒരാഴ്ച കേരളത്തിലെയും കർണാടകയിലെയും 500 ലേറെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഘത്തിന്റെ ഫോട്ടോ തമിഴ്‌നാട് പോലീസിന് അയച്ചുകൊടുത്തു. ഇത് കുപ്രസിദ്ധ കവർച്ചക്കാരൻ സുള്ളൻ സുരേഷും സംഘവുമാണെന്ന് സ്ഥീരീകരിച്ചു.
സുള്ളൻ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ചനടത്തിയതെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം എസ്.ഐ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലേക്ക് പോയി. അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിൽ കോയമ്പത്തൂർ സുളൂരിൽവെച്ച് കവർച്ചസംഘാംഗമായ സഞ്ജീവ് കുമാറിനെ പിടികൂടി.
കവർച്ചസംഘത്തിലെ ഡ്രൈവറായിരുന്നു സഞ്ജീവ് കുമാർ. അസാമാന്യ വേഗത്തിൽ വാഹനമോടിക്കാൻ കഴിവുള്ളയാളാണ്. അന്വേഷണസംഘത്തെ കണ്ടതോടെ ഇവർ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് സഞ്ജീവ് കുമാറിനെ പിടികൂടി. അതോടെ മറ്റ് പ്രതികൾ രക്ഷപ്പെട്ടു.
തുടർന്ന് ഇവർ ആന്ധ്രയിലെത്തിയെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ആന്ധ്രാ പോലീസിന് വിവരം കൈമാറി. കവർച്ചസംഘത്തിലെ അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരെ കഞ്ചാവ് സഹിതം ആന്ധ്ര പോലീസ് പിടികൂടി റിമാൻഡ്‌ചെയ്തു. ഇവരെ കോടതി മുഖാന്തരം അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. സംഘത്തിലെ മൂവരും പിടിയിലായിട്ടും സുള്ളൻ സുരേഷും അബു എന്ന ഷെയ്ക്ക് അബ്ദുള്ളയും ഒളിവിൽ കഴിയുകയായിരുന്നു.
സംഘത്തലവനായ സുള്ളൻ സുരേഷ് കൊലക്കേസ് അടക്കം 80-ഓളം കേസുകളിലെ പ്രതിയാണ്. മറ്റ് പ്രതികളും നിരവധി കവർച്ചക്കേസുകളിൽ പ്രതികളാണ്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സുള്ളൻ സുരേഷ് 2010 ൽ മൊബെൽ ഫോൺ കവർച്ചയിലുടെയാണ് മോഷണരംഗത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. പി. നളിനാക്ഷൻ, അന്വേഷണ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. സഞ്ജയ് കുമാർ, എ.എസ്.ഐ. സയ്യിദ്, സീനിയർ സി.പി.ഒ.മാരായ നൗഫൽ അഞ്ചില്ലത്ത്, അഷ്‌റഫ്, രജീഷ്, സഹോദരൻമാരായ ഷിജോ അഗസ്റ്റിൻ, സോജി അഗസ്റ്റിൻ, എ.എസ്.ഐ. ചന്ദ്രൻ എന്നിവരും വനിതാ സിവിൽ പോലീസ് ഓഫീസറായ സൗമ്യയും അന്വേഷണത്തിൽ പ്രധാന പങ്കുവഹിച്ചു.
പരിയാരം കവർച്ചക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി സുള്ളൻ സുരേഷിന് പുറമേ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുള്ളയും അറസ്റ്റിലായി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ പിടിച്ചത്. കണ്ണൂർ സൈബർ സെൽ എസ്.ഐ. യദുകൃഷ്ണനും സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് കുയിലൂരും അന്വേഷണത്തിന് നേതൃത്വം നൽകി.
മോഷണമുതലുകളിൽ എട്ടുപവൻ സ്വർണവും മോഷ്ടാക്കൾ ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കണ്ടെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പോലീസ് സ്റ്റേഷനുകളിൽനിന്ന് പരിയാ
രം പോലീസിനെ ബന്ധപ്പെട്ടു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്താൽ മാത്രമേ മറ്റ് കവർച്ചകളിൽ ഇവർക്കുള്ള പങ്ക് വ്യക്തമാകൂ. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പരിയാരം സ്‌ക്വാഡ് തലവൻ എസ്.എച്ച്.ഒ പി. നളിനാക്ഷൻ പറഞ്ഞു. പ്രതികളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.