പരവൂര്‍: സ്ത്രീയെയും മകനെയും സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ചു പരിക്കേല്‍പ്പിച്ച തെക്കുംഭാഗം – കാപ്പില്‍ ബീച്ചില്‍ സമാനമായ സംഭവങ്ങള്‍ മുമ്പുമുണ്ടായി. മിക്കവാറും സമയം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ തവളമാണ്. മദ്യപാനവും സന്ദര്‍ശകരോട് അശ്ലീലം പറയലും പതിവാണ്. എന്നാല്‍ ഇതൊന്നും ആരും പരാതിപ്പെടാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
ഒരാഴ്ച മുമ്പ് യുവാവിനൊപ്പമെത്തിയ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്നിരുന്നു. അതിനു മുമ്പ് മറ്റൊരു പെണ്‍കുട്ടിയുടെ സ്വര്‍ണമാല ഊരിവാങ്ങിയ അനുഭവമുണ്ടായി. അതിക്രമത്തിനും പിടിച്ചുപറിക്കും ഇരയായവര്‍ പരാതി നല്‍കാത്തതിനാല്‍ ഇതൊന്നും പുറത്തറിയാതെ പോയി. അതിക്രമത്തിന് ഇരയാകുന്നവര്‍ പരാതി നല്‍കിയാലും പോലീസ് വേണ്ടത്ര പരിഗണിക്കാറില്ല. ബീച്ചില്‍ പോയത് തന്നെ തെറ്റാണെന്ന തരത്തില്‍ ഇരകളെ കുറ്റപ്പെടുത്തുന്ന നിലപാട് പൊലീസ് കൈകൊള്ളുന്നതെന്നും ആക്ഷേപമുണ്ട്.
തിങ്കളാഴ്ച സ്ത്രീക്കും മകനുമെതിരെ ഉണ്ടായ അതിക്രമത്തിലും പോലീസ് ആദ്യം പ്രതിയെ രക്ഷപ്പെടുത്തനാണ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. അക്രമത്തിനിരയായ സ്ത്രീയും മകനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരാതി മുഖവിലക്കെടുക്കാതെ ഇരുവരോടും ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയാണ് പരവൂര്‍ പോലീസ് ചെയ്തത്. പ്രതിയുടെ ഫോട്ടോ ഇവര്‍ പോലീസിന് കൈമാറിയിരുന്നു. അതിനു ശേഷം ഇവര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പോയി.
അതിക്രമത്തിന് ഇരയായ സ്ത്രീയും മകനും സ്റ്റേഷന്‍ വിട്ട ശേഷം പ്രതി പരാതിയുമായി എത്തി. തന്റെ ആടിനെ അക്രമത്തിനിരയായവര്‍ കാര്‍ ഇടിപ്പിക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്തതായാണ് ഇയാള്‍ പരാതി നല്‍കിയത്. മയ്യനാട്ട് ആശുപത്രിയില്‍ ചികിത്സ തേടി എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് വ്യക്തമായി. പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ഇയാളെ വിട്ടയച്ച പോലീസ് അക്രമത്തിനിരയായ സ്ത്രീയോട് കേസുമായി മുന്നോട്ടു പോകണോ എന്ന് ചോദിച്ച് പിന്തിരിപ്പിക്കാനും ശ്രമം നടത്തി.
ബീച്ചിലെ സാമൂഹിക വിരുദ്ധരെ പോലീസ് ഒരിക്കലും ശ്രദ്ധിക്കാറില്ല. പരവൂര്‍ പൊലീസിന്റെയും ആയിരൂര്‍ പൊലീസിന്റെയും അതിര്‍ത്തി പ്രദേശമായതിനാല്‍ രണ്ടു കൂട്ടരും സൗകര്യപൂര്‍വ്വം കൈ കഴുകുകയാണ് പതിവ്. ബീച്ചില്‍ വെളിച്ചമില്ലാത്തത് മൂലം രാത്രി ഏഴു മണി കഴിഞ്ഞാല്‍ ഇതുവഴി സഞ്ചരിക്കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. ഹൈമാസ്റ്റ് ലൈറ്റുകളും ഗ്രാമവെളിച്ചവും ഒക്കെയുണ്ടെങ്കിലും ഒന്നും തെളിയാറില്ല.