NewsSports

പാരാലിമ്പിക്‌സ്; ബാഡ്മിന്റണില്‍ സുഹാസ് യതിരാജിനു വെള്ളി

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് 18ആം മെഡല്‍. ബാഡ്മിന്റണിലൂടെ സുഹാസ് യതിരാജാണ് ഇന്ത്യക്ക് അടുത്ത മെഡല്‍ സമ്മാനിച്ചത്. പുരുഷന്മാരുടെ വ്യക്തിഗത എസ്എല്‍4 വിഭാഗത്തിലെ സ്വര്‍ണ മെഡല്‍ പോരില്‍ ഫ്രാന്‍സിന്റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയ താരം വെള്ളിമെഡല്‍ നേടുകയായിരുന്നു. എതിരാളി ടോപ്പ് സീഡ് താരമാണെങ്കിലും മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവച്ചാണ് യതിരാജ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരത്തിനു കഴിഞ്ഞു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലൂക്കാസ് സ്വര്‍ണം നേടുകയായിരുന്നു. സ്‌കോര്‍ 21-15, 17-21, 15-21.

എസ്എല്‍3 പുരുഷ വ്യക്തിഗത ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യ ടോക്യോ പാരാലിമ്പിക്‌സിലെ നാലാം സ്വര്‍ണം കുറിച്ചിരുന്നു. ബ്രിട്ടണിന്റെ ഡാനിയല്‍ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവര്‍ണ നേട്ടം കുറിച്ചത്. സ്‌കോര്‍ 21-14, 21-17. ഈയിനത്തില്‍ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാന്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്‌കോറുകള്‍ക്ക് കീഴടക്കി മനോജ് സര്‍ക്കാര്‍ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് ഇക്കുറി ബാഡ്മിന്റണ്‍ നടന്നത്. അതുകൊണ്ട് തന്നെ ഈയിനത്തിലെ ആദ്യ മെഡലുകള്‍ നേടിയ താരങ്ങളെന്ന റെക്കോര്‍ഡും ഇന്ത്യന്‍ താരങ്ങള്‍ കുറിച്ചു.

ലോക ഒന്നാം നമ്പര്‍ താരമായ പ്രമോദും രണ്ടാം നമ്പര്‍ താരമായ ബെഥലും തമ്മിലുള്ള പോരാട്ടത്തില്‍ ആധികാരികമായാണ് ഇന്ത്യന്‍ താരം വിജയിച്ചത്. രണ്ട് സെറ്റുകളിലും തുടക്കത്തില്‍ ലീഡെടുത്ത ബെഥലിനെ പിന്നീട് തുടര്‍ച്ചയായി പോയിന്റുകള്‍ സ്വന്തമാക്കിയ പ്രമോദ് അനായാസം കീഴടക്കുകയായിരുന്നു. മനോജ് സര്‍ക്കാര്‍ ആവട്ടെ ആദ്യ സെറ്റ് ജപ്പാന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ കൂടുതല്‍ ആധികാരികത കാണിച്ച താരം സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു.

ഇന്നലെ അമ്പെയ്ത്തില്‍ ഹര്‍വിന്ദര്‍ സിംഗ് ആണ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയിരുന്നു. പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹര്‍വിന്ദര്‍ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തില്‍ 6-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button