32.8 C
Kottayam
Sunday, May 5, 2024

അവസാന പന്തുവരെ ആവേശം,പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ്‌

Must read

മുല്ലൻപൂര്‍: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ പഞ്ചാബ് രണ്ട് റണ്‍സകലെ പൊരുതി വീണു. 29 റണ്‍സായിരുന്നു അവസാന ഓവറില്‍ പ‍ഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.  

ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച അശുതോഷ് പഞ്ചാബിന് പ്രതീക്ഷ നല്‍കി. ക്യാച്ചെടുക്കാവുന്ന പന്താണ് നിതീഷ് റെഡ്ഡിയുടെ കൈകള്‍ക്കിടയിലൂടെ സിക്സ് ആയത്. അടുത്ത രണ്ട് പന്തും വൈഡായി. രണ്ടാം പന്തില്‍ വീണ്ടും അശുതോഷ് ശര്‍മയുടെ സിക്സ്. ഇത്തവണ അബ്ദുള്‍ സമദിന്‍റെ കൈകള്‍ക്കിടയിലൂടെ പന്ത് സിക്സായി.

അടുത്ത രണ്ട് പന്തിലും രണ്ട് റണ്‍സ് വീതം അശുതോഷ് ശര്‍മയും ശശാങ്ക് സിംഗും ഓടിയെടുത്തു. അഞ്ചാം പന്ത് വൈഡായി. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി. അഞ്ചാം പന്തില്‍ അശുതോഷ് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് രാഹുല്‍ ത്രിപാഠി നിലത്തിട്ടു. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ 9 റണ്‍സായി. ഉനദ്ഘട്ടിന്‍റെ അവസാന പന്ത് ശശാങ്ക് സിംഗ് സിക്സിന് പറത്തിയെങ്കിലും ഹൈദരാബാദ് രണ്ട് റണ്‍സിന്‍റെ വിജയം നേടി.  സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 182-9, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 180-6

രണ്ടാം ഓവറില്‍ തന്നെ പ‍ഞ്ചാബിന് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുമ്പെ ബെയര്‍സ്റ്റോയെ കമിന്‍സ് ബൗള്‍ഡാക്കി. പിന്നാലെ പ്രഭ്സിമ്രാന്‍ സിംഗിനെയും(4), ക്യാപ്റ്റന്‍ ശിഖര്‍ ധവാനെയും(14) മടക്കി ഭുവനേശ്വര്‍ കുമാര്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ പഞ്ചാബ് ഞെട്ടി. സാം കറനും(29) സിക്കന്ദര്‍ റാസയും(28) പൊരുതിയപ്പോള്‍ പ‍്ചാബിന് പ്രതീക്ഷയായി.

സാം കറനെ നടരാജനും റാസയെ ജയദേവ് ഉനദ്ഘട്ടും പുറത്താക്കിയതിന് പിന്നാലെ ജിതേഷ് ശര്‍മയെ(19) പുറത്താക്കി നിതീഷ് റെഡ്ഡി പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയിലാക്കിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെന്നപോലെ ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും ചേര്‍ന്ന് അവസാന നാലോവറില്‍ 66 റണ്‍സടിച്ച് പഞ്ചാബിനെ അവിശ്വസനീയ ജയത്തിന് അടുത്തെത്തിച്ചു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്ത ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ഹെഡ്ഡും ക്ലാസനും മാര്‍ക്രവും അഭിഷേക് ശര്‍മയും അടങ്ങിയ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാലു വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week