27.1 C
Kottayam
Monday, May 6, 2024

തെവാട്ടിയ മാജിക്‌! പഞ്ചാബ് കിംഗ്സിനെ തളച്ച് ഗുജറാത്ത് ടൈറ്റന്‍സ്

Must read

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി രാഹുല്‍ തെവാട്ടിയ ഫിനിഷിംഗിലാണ് ടൈറ്റന്‍സ് നേടിയത്. തെവാട്ടിയ 18 പന്തില്‍ 36* റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോർ: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1). 

ചണ്ഡീഗഢില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് സ്‌പിന്നര്‍മാരുടെ മുന്നില്‍ നിശ്ചിത 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ടൈറ്റന്‍സിനായി സ്‌പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി. നൂര്‍ അഹമ്മദും മോഹിത് ശര്‍മ്മയും രണ്ട് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും പേരിലാക്കി. നാലോവറില്‍ റാഷിദ് 15 റണ്‍സേ വഴങ്ങിയുള്ളൂ.

വാലറ്റത്ത് 12 പന്തില്‍ 29 റണ്‍സ് എടുത്ത ഹര്‍പ്രീത് ബ്രാറാണ് കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പഞ്ചാബിന്‍റെ മാനം കാത്തത്. പ്രഭ്‌സിമ്രാന്‍ സിംഗ് (21 പന്തില്‍ 35), ക്യാപ്റ്റന്‍ സാം കറന്‍ (19 പന്തില്‍ 20), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (19 പന്തില്‍ 14), ജിതേഷ് ശര്‍മ്മ (12 പന്തില്‍ 13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുള്ളവർ.

മറുപടി ബാറ്റിംഗില്‍ വൃദ്ധിമാന്‍ സാഹയെ (11 പന്തില്‍ 13) തുടക്കത്തിലെ പേസർ അർഷ്ദീപ് സിംഗ് പുറത്താക്കി. നായകന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദർശനും ചേർന്ന് ടീമിനെ അനായാസം 60 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ ഗില്ലിനെ (29 പന്തില്‍ 35) ലിയാം ലിവിംഗ്സ്റ്റണ്‍ റബാഡയുടെ കൈകളിലെത്തിച്ചു. ഇതിന് ശേഷം ഡേവിഡ് മില്ലർ (6 പന്തില്‍ 4), സായ് സുദർശന്‍ (34 പന്തില്‍ 31), അസ്മത്തുള്ള ഒമർസായ് (10 പന്തില്‍ 13) എന്നിവർ പുറത്തായി.

18-ാം ഓവറില്‍ റബാഡയെ 20 റണ്ണടിച്ച് രാഹുല്‍ തെവാട്ടിയയും ഷാരൂഖ് ഖാനും വിജയതീരത്തെത്തി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖിന്‍റെ (4 പന്തില്‍ 8) സ്റ്റംപ് ഹർഷല്‍ പിഴുതു. അവസാന പന്തില്‍ റാഷിദ് ഖാന്‍ (3 പന്തില്‍ 3) റൂസ്സോയുടെ ക്യാച്ചില്‍ മടങ്ങി. എന്നാല്‍ 20-ാം ഓവറിലെ ആദ്യ പന്തില്‍ അർഷിനെ ഫോറടിച്ച് തെവാട്ടിയ ടൈറ്റന്‍സിനെ ജയിപ്പിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week