ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ശശികലയ്ക്ക് അനുകൂലമായ നിലപാടുമായി ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. പാര്‍ട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാല്‍ ശശികലയെ തിരിച്ചെടുക്കുന്നത് ആലോചിക്കും. ശശികലയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
‘ശശികലയുമായി തനിയ്ക്ക് നേരത്തേ മുതലേ പ്രശ്‌നമില്ല. ജയലളിത മരണപ്പെട്ട ശേഷം ശശികലയ്‌ക്കെതിരെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു തന്റെ ആവശ്യം. നിരപരാധിയായി അവരെ കണ്ടെത്തിയാല്‍ ആ സംശയം ഇല്ലാതാകുമല്ലോ എന്നാണ് നേരത്തേ ഉദ്ദേശിച്ചത്’, പനീര്‍ശെല്‍വം പറഞ്ഞു.
32 വര്‍ഷം ജയലളിതയോടൊപ്പമുണ്ടായിരുന്ന ശശികല ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ മനസില്‍ ഉണ്ട്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പളനിസ്വാമിയുടെ കൂടി അഭിപ്രായം പറയേണ്ടതുണ്ട് എന്നുകൂടി പനീര്‍ശെല്‍വം പറഞ്ഞു.
ശശികലയോട് ആഭിമുഖ്യമുള്ള തേവർ വിഭാഗക്കാർ തെക്കൻ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ അടിത്തറയിളക്കും എന്ന വിലയിരുത്തലുകൾക്കിടെയാണ് പനീർശെൽവത്തിന്റെ പ്രസ്താവന.
അനധികൃത സ്വമ്പാദനക്കേസില്‍ ജയില്‍ നിന്ന് പുറത്ത് വന്ന് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് സൂചനകള്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് വി.കെ. ശശികല വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ ദിവസം പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ശശികലയുടെ പ്രഖ്യാപനം. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ ശശികല പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ഡി.എം.കെയ്ക്കെതിരെ വിജയിക്കാനും അമ്മയ്ക്ക് (ജയലളിത) വേണ്ടി സര്‍ക്കാര്‍ സ്ഥാപിക്കാനും ശശികല ആഹ്വാനം ചെയ്യുന്നുണ്ട്. ‘എനിക്ക് ഒരിക്കലും ഒരു പദവിയോ അധികാരമോ ആവശ്യമില്ല. തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവളാണ്. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, ഒരു നല്ല ഭരണം സ്ഥാപിക്കണമെന്ന് ഞാന്‍ എന്റെ സഹോദരിയോടും (അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോടും) ദൈവത്തോടും പ്രാര്‍ത്ഥിക്കുന്നു അമ്മയുടെ യഥാര്‍ത്ഥ അനുയായികള്‍ ‘ദുഷ്ട’ ഡി.എം.കെയെതിരെ പോരാടാനും അമ്മയുടെ സര്‍ക്കാര്‍ സ്ഥാപിക്കാനും ശ്രമിക്കണം, ‘ ശശികല പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയില്‍മോചിതയായത്.അണ്ണാഡിഎംകെയില്‍ നിന്ന് ശശികലയെ ജയില്‍വാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ അമ്മ മക്കള്‍ മുന്നേറ്റകഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാര്‍ത്ഥിയായി ആര്‍ കെ നഗറില്‍ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആര്‍ കെ നഗര്‍ സീറ്റില്‍ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോല്‍പ്പിച്ച് ദിനകരന്‍ എംഎല്‍എയായി.
ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയില്‍ അവര്‍ക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വര്‍ഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
ജയലളിതയുടെ മരണ ശേഷം, പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയര്‍ത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലായി. ഇതോടെ, ബിജെപിയുടെ മധ്യസ്ഥതയില്‍ ഒപിഎസും ഇപിഎസും ഒന്നിച്ചപ്പോള്‍ ശശികല പുറത്തായി. 2017 സെപ്റ്റംബറില്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറല്‍ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു. പാര്‍ട്ടി ഭരണത്തിനു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നാല്‍, ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കേണ്ടതു ജനറല്‍ സെക്രട്ടറിയാണെന്നും താന്‍ അറിയാതെ വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു.