പാലക്കാട്: തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയുമായി പഞ്ചായത്ത് അംഗം രംഗത്ത്. പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം സുനിത സുകുമാരനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിനടുത്ത് റോഡരികില്‍ ഏതാനും പേര്‍ കാര്‍ നിര്‍ത്തി കയറ്റിക്കൊണ്ടുപോയെന്നും വധഭീഷണിയുയര്‍ത്തിയെന്നുമാണ് സുനിതയുടെ ആരോപണം.
ജീവിതവും കുടുംബവും കുട്ടികളുമാണോ അതോ പാര്‍ട്ടിയാണോ വലുതെന്ന് ചോദിച്ചെന്ന് സുനിത പറഞ്ഞു. ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയതായും അവര്‍ ആരോപിച്ചു. കുടുംബവും കുട്ടികളും മതിയെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാമെന്നും പറഞ്ഞതോടെ റോഡരികില്‍ ഇറക്കി വിടുകയായിരുന്നുവെന്നും സുനിത പറഞ്ഞു.
സുനിതയെ നെന്മാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമാണ് ഇവര്‍. ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ എംപി, സ്ഥലം എംപി രമ്യാ ഹരിദാസ് എന്നിവര്‍ ആശുപത്രിയിലെത്തി സുനിതയെ സന്ദര്‍ശിച്ചു. തട്ടിക്കൊണ്ടു പോകല്‍, വധഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് നെന്മാറ പോലീസ് കേസ് എടുത്തിട്ടുണ്ട്.