പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം.
നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ പമ്പാ സ്‌നാനത്തിന് തീർഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർഥാടകരെ കടത്തി വിടുക.
ചടങ്ങുകൾക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കും.