ആലപ്പുഴ: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നത്. അപകടത്തിൽപ്പെട്ട രണ്ടു പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല. ശക്തമായ അടിയൊഴുക്കാണ് പ്രതിസന്ധിയായത്. പള്ളിയോടം മറിഞ്ഞ സ്ഥലത്തുനിന്ന് ദൂരെ മാറിയാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.
അപകടകാരണം ഇനിയും വ്യക്തമാക്കാത്തതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാമതൊരാളെ കൂടി കാണാനില്ലെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും ഇയാൾ രക്ഷപ്പെട്ടതായി പിന്നീട് വിവരം ലഭിച്ചെന്ന് അധികൃതർ അറിയിച്ചു.
പള്ളിയോടങ്ങളിലും വള്ളങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റരുതെന്ന് കളക്ടർ അറിയിച്ചു.
18നു താഴെ പ്രായമുള്ളവരെയും കയറ്റരുത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിയണം. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിർദേശത്തിലുണ്ട്.
നിർദേശങ്ങൾ
- പളളിയോടങ്ങളിലും വളളങ്ങളിലും അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ കയറാവൂ.
- പള്ളിയോടങ്ങളിലും, വളളങ്ങളിലും 18 വയസ്സിനുമുകളിൽ ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
- പ്രതിക്ഷണ സമയത്ത് പള്ളിയോടങ്ങളിലും വളളങ്ങളിലും തുഴച്ചിൽ, നീന്തൽ അറിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.
- പള്ളിയോടങ്ങളിലും വളളങ്ങളിലും കയറുന്നവരുടെ പേരും വിലാസവും സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കണം.
- പളളിയോടങ്ങളിലും വളളങ്ങളിലും സഞ്ചരിക്കുന്നവർക്ക് ആവശ്യമായ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
- പളളിയോടങ്ങളുടെ യാത്രയിൽ ഒരു സുരക്ഷാ ബോട്ട് അനുഗമിക്കേണ്ടതും അത് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
- അടിയന്തിര സാഹചര്യം നേരിടുന്നതിന് ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംവിധാനങ്ങൾ ക്രമീകരിക്കണം.
- ഈ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ ഉറപ്പുവരുത്തണം.