പാലാരിവട്ടം പാലം പുതുക്കി പണിയും; പുനര്‍നിര്‍മാണം ഇ ശ്രീധരന്റെ നേതൃത്വത്തില്‍
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമുണ്ടെന്നും പാലം പുതുക്കി പണിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനര്‍നിര്‍മാണം നടത്തുക. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രനാള്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമുണ്ടെന്ന് ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുനരുദ്ധാരണമോ ബലപ്പെടുത്തലോകൊണ്ട് കാര്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീധരന്റെ നിര്‍ദേശ പ്രകാരം സ്ഥായിയായ പരിഹാരമാര്‍ഗമാണുള്ളത്. പാലം പുതുക്കി പണിയണെന്നാണ് ശ്രീധരന്റെ നിര്‍ദേശം. ആ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. പാലം പുതുക്കി പണിയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് സാങ്കേതിക മികവുള്ള ഏജന്‍സിയെ തന്നെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമയബന്ധിതമായി പാലം പുതുക്കി പണിയുകയാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ ആദ്യ വാരം തന്നെ നിര്‍മാണം ആരംഭിക്കണം. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കണം. പുനര്‍നിര്‍മാണ് കൂടുതല്‍ ഉചിതമെന്നാണ് വിയലിരുത്തിയിരിക്കുന്നത്. പൊരുമരാമത്ത് മന്ത്രി ജി സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലം പൊളിച്ച് പണിയേണ്ടി വരുമ്പോള്‍ വൈറ്റില- ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.