തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ, 2 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളാരെന്ന അനൗദ്യോഗിക ചർച്ചകൾ കോൺഗ്രസിന്റെ നേതൃതലത്തിൽ തുടങ്ങി. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം എന്നിവരുടെ പേരുകളാണുയരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായശേഷം പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിലും ഷാഫിക്കൊപ്പം രാഹുലും പങ്കെടുത്തിരുന്നു. രാഹുൽ വന്നാൽ കൊള്ളാമെന്ന് ഷാഫിക്കും താൽപര്യമുണ്ടെന്നാണ് പ്രചാരണം. പകരക്കാരനെ തീരുമാനിക്കുന്നതിൽ ഷാഫിയുടെ അഭിപ്രായം കൂടി പരിഗണിക്കും.
ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനു ചേലക്കരയിൽ അവസരം നൽകാവുന്നതല്ലേ എന്ന നിലയ്ക്കും ചർച്ചകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടിന്റെ മാത്രം ലീഡാണു രമ്യയ്ക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണനു ലഭിച്ചത്. ഇതു തന്നെയാണു രമ്യയുടെ സാധ്യത വർധിപ്പിക്കുന്ന ഘടകമായി കോൺഗ്രസ് കാണുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ ആ വർഷം തന്നെ ആലപ്പുഴയിലെ അരൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച ചരിത്രം പാർട്ടിക്കു മുന്നിലുണ്ട്. റായ്ബറേലിയിൽ കൂടി ജയിച്ചതിനാൽ വയനാട് മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധി തീരുമാനിച്ചാൽ വയനാട്ടിലും ഉപതിരഞ്ഞെടുപ്പു നടക്കും. എന്നാൽ, സ്ഥാനാർഥിയാരെന്ന തീരുമാനം പൂർണമായും കേന്ദ്രനേതൃത്വത്തിന്റേതാകും.
തൃശൂരിലെ പരാജയത്തിന്റെയും ആറ്റിങ്ങലിലെ കഷ്ടിച്ചുള്ള ജയത്തിന്റെയും പിന്നിലെ കാരണങ്ങൾ കോൺഗ്രസ് അന്വേഷിക്കും. തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ അടുത്തയാഴ്ച കെപിസിസി നേതൃയോഗം ചേരാനാണ് ആലോചന. യോഗത്തിൽ അന്വേഷണ രീതി തീരുമാനിക്കും. നിയമസഭാ സമ്മേളനം 10നു തുടങ്ങുന്നതു കൂടി കണക്കിലെടുത്തു 12ന് യുഡിഎഫ് യോഗവും ആലോചിക്കുന്നുണ്ട്.
കോണ്‍ഗ്രസിന് പാലക്കാട് മണ്ഡലം നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്‌നമാണ്. പാലക്കാട് നഗരസഭാ ഭരണം ഉള്‍പ്പെടെ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണിത്. മികച്ചൊരു സ്ഥാനാര്‍ഥി വന്നാല്‍ ഉറപ്പായും ജയിക്കുമെന്നു ബിജെപി കരുതുന്നു. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള സിപിഎം സംഘടനാപരമായി ശക്തമല്ല. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമെല്ലാം സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു.
കോണ്‍ഗ്രസ് തോറ്റാല്‍ ജയിക്കുക ബിജെപിയാകും. സിപിഎം കൂടുതല്‍ വോട്ടുപിടിച്ചാലും അതു കോണ്‍ഗ്രസിന്റെ പരാജയത്തിനും ബിജെപിയുടെ വിജയത്തിനും കാരണമാകും. ബിജെപിക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മതി. പക്ഷേ, സിപിഎമ്മിന് ഉത്തരവാദിത്തം അങ്ങനെയല്ല. ഇത്തവണ സിപിഎം കോണ്‍ഗ്രസിനെ സഹായിക്കുമോ? അതോ മികച്ചൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കുമോ ? പക്ഷേ, ആ നീക്കം പാളിയാല്‍ ഉണ്ടാകുക ബിജെപിയുടെ വിജയം ആയിരിക്കും.
ഷാഫി പറമ്പില്‍ സിപിഎമ്മിന് ഒരുകാലത്ത് പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.ശ്രീധരന്‍ പ്രചാരണരംഗത്തു ശക്തമായി മുന്നേറുമ്പോള്‍ ചങ്കിടിച്ചതു സിപിഎമ്മിനായിരുന്നു. പ്രാര്‍ഥന മാത്രമല്ല, ശ്രീധരന്‍ ജയിക്കാതിരിക്കാന്‍ ഇടതുപക്ഷ മനസ്സുള്ള പലരും ഷാഫി പറമ്പിലിനു വേണ്ടി കഴിഞ്ഞ തവണ വോട്ടും ചെയ്തു. സിപിഎമ്മിന്റെ കൂടി വോട്ടു ലഭിച്ചില്ലെങ്കില്‍ ഷാഫിയുടെ അവസ്ഥ കാണാമായിരുന്നു എന്നു പിന്നീട് പറഞ്ഞത് സിപിഎം നേതാക്കള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഷാഫിയും സിപിഎമ്മും തമ്മില്‍ നല്ല അടുപ്പത്തിലല്ല.
എംഎല്‍എ എന്ന നിലയില്‍ സജീവമായി പാലക്കാട്ടു വിലസിയിരുന്ന ഷാഫി പറമ്പിലിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് വടകര ലോക്‌സഭയിലേക്കു മത്സരിപ്പിച്ചത്. മത്സരിക്കാന്‍ ഷാഫിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. പാര്‍ട്ടിയുടെ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി വടകരയിലേക്കു വണ്ടി കയറുമ്പോള്‍ ഷാഫി പറഞ്ഞ നിബന്ധനകളില്‍ ഒന്ന് ഇതായിരുന്നത്രേ, വടകരയില്‍ നിന്നു ജയിച്ച് എംപി ആയാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുന്ന പക്ഷം താന്‍ പറയുന്നയാള്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മുന്‍ഗണന വരണം.
ഷാഫി പറമ്പില്‍ മനസ്സില്‍ കണ്ടത് തന്റെ ഉറ്റസുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കുട്ടത്തിലിനെയാണ്. ഷാഫിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഹുല്‍ പാലക്കാട്ടുകാര്‍ക്ക് സുപരിചിതനാണ്. എന്നാല്‍ രാഹുലിനെതിരെ ആദ്യം നീക്കം ഉണ്ടായത് പാലക്കാട് ഡിസിസി യോഗത്തില്‍ത്തന്നെയാണ്. ഷാഫി വടകരയില്‍ പ്രചാരണം നടത്തുമ്പോള്‍ത്തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിലര്‍ മുന്‍കൂര്‍ പ്രചാരണം നടത്തുന്നുവെന്നു വിമര്‍ശനം വന്നത് രാഹുലിനെക്കുറിച്ചായിരുന്നു.
പാലക്കാട് പല കോണ്‍ഗ്രസ് നേതാക്കളും മത്സരിക്കാന്‍ കുപ്പായമിട്ടു ചയ്യാറായി നില്‍ക്കുന്നു. കര്‍ഷകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് രംഗത്തുണ്ട്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനാണ് അവരുടെ മനസ്സില്‍. കെപിസിസി വൈസ് പ്രസിഡന്റും തൃത്താല മുന്‍ എംഎല്‍എയുമായ വി.ടി.ബല്‍റാം മത്സരിച്ചാല്‍ നന്നാകുമെന്നു കരുതുന്നവരുണ്ട്. കലാരംഗത്തോ സാംസ്‌കാരിക രംഗത്തോ സിവില്‍ സര്‍വീസ് രംഗത്തോ പേരുള്ള സര്‍പ്രൈസിങ് സ്ഥാനാര്‍ഥികളും കോണ്‍ഗ്രസില്‍ വരാം.
ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ കൊണ്ടു വന്നാല്‍ വിജയിക്കാന്‍ കഴിയുമെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു. മെട്രോമാന്‍ ഇ.ശ്രീധരന് മത്സരിക്കാന്‍ താല്‍പര്യം ഉണ്ടാകാനിടയില്ല. രാഹുല്‍ മാങ്കുട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരുന്നതെങ്കില്‍ കെ.കരുണാകരന്റെ മകള്‍, അടുത്ത കാലത്ത് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലിനെ അവതരിപ്പിക്കാനാണ് ബിജെപിയിലെ ചിലരുടെ ആലോചന. പത്മജയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ പോലും പത്മജയ്ക്കു ലഭിക്കാന്‍ സാധ്യതയുണ്ടെന്നു ചിലര്‍ കരുതുന്നു.
നടന്‍ ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ തവണ ബിജെപിയുടെ പരിഗണനപ്പട്ടികയില്‍ ഉണ്ടായിരുന്നു. പാലക്കാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കാര്യമായി വോട്ടുനേടിയ സി.കൃഷ്ണകുമാറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ബിജെപി സംസ്ഥാന ട്രഷററും നിലവില്‍ നഗരസഭ വൈസ് ചെയര്‍മാനുമായ ഇ.കൃഷ്ണദാസിന്റേതാണ് മറ്റൊരു പേര്. ബിജെപി മുന്‍ വക്താവായ സന്ദീപ് വാരിയരാണ് മറ്റൊരു സാധ്യത. ആലപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശോഭ സുരേന്ദ്രനു വേണ്ടിയും ചരടുവലികള്‍ നടന്നേക്കാം. നേരത്തേ ഇതേ മണ്ഡലത്തില്‍ മത്സരിച്ചു മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ശോഭ.
സിപിഎമ്മില്‍ മികച്ചൊരു സ്ഥാനാര്‍ഥി വന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഘടിച്ചു പോകുകയും അത് ബിജെപിയുടെ വിജയത്തിന് കാരണമാകുകയും ചെയ്യും. എന്നാല്‍ ബിജെപി വരാതിരിക്കാന്‍ വേണ്ടി എല്ലാ കാലത്തും കോണ്‍ഗ്രസിനെ വിജയിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു സിപിഎം കരുതുന്നു. മാത്രമല്ല കഴിഞ്ഞ തവണ സഹകരിച്ച ഷാഫി പറമ്പിലുമായി കടുത്ത അകല്‍ച്ചയിലാണിപ്പോള്‍ സിപിഎം. രാഷ്ട്രീയരംഗത്തും പൊതുരംഗത്തും പറയാന്‍ പറ്റുന്നതും പറ്റാത്തതുമായ എല്ലാ കാര്യങ്ങളും വടകരയില്‍ ഷാഫിയും സിപിഎമ്മും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
മണ്ഡലത്തില്‍ ശക്തമല്ലെങ്കിലും ത്രികോണമത്സരത്തിനൊടുവില്‍ സിപിഎമ്മില്‍നിന്ന് ടി.കെ.നൗഷാദ്, കെ.കെ.ദിവാകരന്‍ എന്നിവര്‍ എംഎല്‍എമാരായിട്ടുണ്ട്. ഇത്തവണ അധ്യാപക യൂണിയന്‍ നേതാവ് റഷീദ് കണിച്ചേരിയുടെ മകന്‍ നിതിന്‍ കണിച്ചേരിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. പറളി ജില്ലാ പഞ്ചായത്ത് അംഗം സഫ്ദര്‍ ഷെറീഫിനും സാധ്യതയുണ്ട്. പുറമേ നിന്നുള്ള പ്രമുഖരെയും പാര്‍ട്ടി പരിഗണിച്ചേക്കാം.
പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. ഇതില്‍ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് 9707 വോട്ടിന്റെ ലീഡ്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വി.കെ.ശ്രീകണ്ഠന്‍ നേടിയത് 52,779 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനു ലഭിച്ചത് 43,072 വോട്ടുകളാണ്. 2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 44,086 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ കിട്ടിയത് വെറും 34,640 വോട്ടുകളാണ്.