33.4 C
Kottayam
Sunday, May 5, 2024

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സെമിത്തേരികളില്‍ ദഹിപ്പിക്കും; അനുമതി നല്‍കി പാലാ രൂപത

Must read

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇടവക സെമിത്തേരികളില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള ആലപ്പുഴ ലത്തീന്‍ രൂപതയുടെ തീരുമാനത്തിന് പിന്നാലെ സമാന നിലപാടുമായി പാലാ രൂപതയും രംഗത്ത്. പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കേയായിരുന്ന ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സന്നദ്ധത അറിയിച്ച് ലത്തീന്‍ രൂപത രംഗത്തെത്തിയത്. ആലപ്പുഴ മാരാരിക്കുളത്ത് മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹമായിരുന്നു കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാല്‍ രോഗമുണ്ടാകുമെന്ന തരത്തില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന ഒരു ഘട്ടത്തില്‍ കൂടിയായിരുന്നു രൂപതയുടെ തീരുമാനം. ആലപ്പുഴയില്‍ പലയിടത്തും കുഴിയെടുത്ത് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്ത പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മൃതദേഹം ദഹിപ്പിക്കാന്‍ രൂപത അനുമതി നല്‍കിയത്. രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രിയടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week