ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും അപക്വമായ പരാമര്‍ശം.
പാകിസ്താന്റെ കൈവശം ആറ്റംബോബുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് ഷസിയ മാരി പറഞ്ഞു. ആണവായുധമുള്ള രാജ്യം എന്ന പദവി നിശബ്ദമായിരിക്കാനല്ല. ആവശ്യം വന്നാല്‍ ആണവായുധം പ്രയോഗിക്കുകതന്നെ ചെയ്യുമെന്ന തരത്തിലായിരുന്നു അവരുടെ പരാമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് വനിതാ നേതാവിന്റെ നിരുത്തരവാദപരമായ പരാമര്‍ശം.
ബിലാവലിന്റെ പരാമര്‍ശത്തിന് ഇന്ത്യ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. പാകിസ്താനെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വിശേഷിപ്പിച്ചത്. മേക്ക് ഇന്‍ പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.