CricketNewsSports

പാക്കിസ്ഥാന് 93 റൺസ് തോൽവി,ഇംഗ്ലണ്ടിന് ജയത്തോടെ മടക്കം,ഒപ്പം ചാംപ്യൻസ് ട്രോഫി യോഗ്യതയും

കൊൽക്കത്ത: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ടിന് അവസാന മത്സരത്തിൽ തകർപ്പൻ വിജയം നേടാനായതിന്റെ ആശ്വാസത്തിൽ മടങ്ങാം. ഒപ്പം 2025ലെ ചാംപ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും അവർ ഉറപ്പാക്കി. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ 43.3 ഓവറിൽ 244 റൺസിനു പുറത്തായി. ഇംഗ്ലണ്ടിന് 93 റൺസിന്റെ ജയം. സെമിയിൽ പ്രവേശിക്കാൻ വൻ മാർജിനിൽ ജയം വേണ്ടിയിരുന്ന പാക്കിസ്ഥാന്റെ വിധി ടോസിങ്ങിൽ തന്നെ നിർണയിക്കപ്പെട്ടിരുന്നു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 10 റൺസ് ചേർക്കുന്നതിനിടെ അവർക്ക് ഓപ്പണർമാരായ അബ്ദുല്ല ഷഫീഖിനേയും (0) ഫഖർ സമാനേയും (1) നഷ്ടമായി. ഇരുവരെയും ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ബാബർ അസം 45 പന്തിൽ 38 റൺസുമായി മടങ്ങി. 36 റൺസെടുത്ത മുഹമ്മദ് റിസ്‌വാനെ മോയീൻ അലി ക്ലീൻ ബോൾഡാക്കി. സൗദ് ഷക്കീലും (37 പന്തിൽ 29) സമാനമായ രീതിയിൽ പുറത്തായി. 

ആറാമനായി ഇറങ്ങിയ സൽമാൻ അലി ആഖ അർധ സെഞ്ചറി നേടിയെങ്കിലും ഫലമുണ്ടായില്ല. 45 പന്തിൽ 51 റൺസ് നേടിയ ആഖയെ ഡേവിഡ് വില്ലി ബെൻ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. ഇഫ്തിഖർ അഹമ്മദ് (5 പന്തിൽ 3), ഷദാബ് ഖാൻ (7 പന്തിൽ 4) എന്നിവർ പിടിച്ചുനിൽക്കാനാകാതെ മടങ്ങി. 23 പന്തില്‍ 25 റൺസ് നേടിയ ഷഹീൻ അഫ്രിദിയെ അറ്റ്കിൻസൻ വിക്കറ്റിനു മുന്നിൽ കുടുക്കി. അവസാന വിക്കറ്റിൽ മുഹമ്മദ് വസീമും ഹാരിസും റൗഫും വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തതോടെ ടീം സ്കോർ 200 കടന്നു. 

പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 35 റൺസ് നേടിയ ഹാരിസ് റൗഫിനെ ക്രിസ് വോക്സ് ബെൻസ്റ്റോക്സിന്റെ കൈകളിൽ എത്തിച്ചതോടെ പാക്ക് ഇന്നിങ്സിന് അവസാനമായി. 14 പന്തിൽ 16 റൺസ് നേടിയ വസീം പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റു വീഴ്ത്തി. ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൻ, മോയീൻ അലി എന്നിവർ രണ്ട് വിക്കറ്റു വീതവും ക്രിസ് വോക്സ് ഒരുവിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 337 റൺസ്. ബെൻ സ്റ്റോക്സ് (76 പന്തിൽ 84), ജോ റൂട്ട് (72 പന്തിൽ 60), ജോണി ബെയര്‍സ്റ്റോ (61 പന്തിൽ 59) എന്നിവർ ഇംഗ്ലണ്ടിനായി അർധ സെഞ്ചറി നേടി. 82 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഡേവിഡ് മലാനും ജോണി ബെയര്‍സ്റ്റോയും ഇംഗ്ലണ്ടിനായി പടുത്തുയർത്തിയത്.

39 പന്തിൽ 31 റൺസെടുത്ത മലാനെ ഇഫ്തിഖർ അഹമ്മദ് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാന്റെ കൈകളിലെത്തിച്ചു. 16.1 ഓവറുകളിലാണ് ഇംഗ്ലണ്ട് 100 പിന്നിട്ടത്. അർധ സെഞ്ചറിക്കു പിന്നാലെ ജോണി ബെയര്‍സ്റ്റോയെ ഹാരിസ് റൗഫ് മടക്കി. 

ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്നതോടെ ഇംഗ്ലണ്ട് സ്കോർ 200 ഉം കടന്നുമുന്നേറി. സ്കോർ 240 ൽ നിൽക്കെ സ്റ്റോക്സിനെ ഷഹീൻ അഫ്രീദി ബോൾഡാക്കി. അഫ്രീദിയുടെ പന്തിൽ ശതാബ് ഖാൻ ക്യാച്ചെടുത്തായിരുന്നു ജോ റൂട്ടിന്റെ മടക്കം. ഇംഗ്ലണ്ട് 300 കടന്നതിനു പിന്നാലെ ഹാരി ബ്രൂക്ക് മടങ്ങി. 17 പന്തിൽ 30 റൺസാണു താരം നേടിയത്. ക്യാപ്റ്റൻ ജോസ് ബട്‍ലർ റണ്ണൗട്ടായി. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് വാസിം എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker