Kerala

മകളുടെ വിദേശ പഠനത്തിനായി റെജി വാങ്ങിയ പണം തിരിച്ചു നൽകിയില്ല; കച്ചവടം തകർന്നു, ജപ്തി ഭീഷണി, കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള കാരണങ്ങൾ പറഞ്ഞ് പദ്മകുമാർ

പത്തനംതിട്ട: മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പദ്മകുമാര്‍. അടൂര്‍ കെഎപി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനൽകിയെന്നും പ്രതി പറയുന്നു.

വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും പദ്‌മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിൻറെ സഹായവും ലഭിച്ചുവെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്മകുമാര്‍ തന്റെ ഭാര്യയെ  സമ്മർദ്ദത്തിലാക്കിയായിരുന്നു തട്ടിക്കൊണ്ടുപോകൽ നടത്തിയത്. വാട്സ് ആപ്പ് വഴിയായിരുന്നു ഫോൺ വിളിയെല്ലാം.

റോഡ് വീതി കൂട്ടുമ്പോൾ ബേക്കറി റോഡരികിലേക്ക് എത്തുമെന്ന് കരുതിയിരുന്നു. പക്ഷെ നല്ല കച്ചവടം നടന്നില്ല. സാമ്പത്തിക തകർച്ചയുണ്ടായപ്പോഴാണ് റെജിക്ക് പണം നൽകിയത്. ഈ പണം റെജി തിരികെ നൽകിയില്ലെന്നും പദ്മകുമാര്‍ പറഞ്ഞുവെന്ന് പൊലീസിൽ നിന്ന് വിവരം ലഭിച്ചു.

റെജിയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ചിരുന്നു. പണം ലഭിക്കാതെ വന്നപ്പോഴാണ് പ്രതികാര നടപടിയായി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ഇതിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ വീടിന് ജപ്തി ഭീഷണിയുണ്ടെന്നും ആത്മഹത്യ ചെയ്യുമെന്നും പദ്മകുമാര്‍ ഭീഷണിപ്പെടുത്തി. പിന്നീട് തട്ടിക്കൊണ്ടുപോകലിന് സഹായിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തി. ഈ ക്വട്ടേഷൻ സംഘത്തെ കൂടി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button