KeralaNews

ഏറ്റവുമധികം ഉപദ്രവിച്ചത് അച്ഛൻ സഹായിച്ചവർ, ഇനിയൊരുമടക്കമില്ല, ആവശ്യപ്പെട്ടാൽ മുരളിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് പത്മജ

തിരുവനന്തപുരം: കോൺഗ്രസിൽ ആരും സഹായിച്ചില്ലെന്നും ഓരോകാര്യത്തിനും കാലുപിടിക്കേണ്ട അവസ്ഥയായിരുന്നു എന്നും പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നശേഷം തലസ്ഥാനത്തെത്തിയ പത്മജ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കെപിസിസി പ്രസിഡന്റിന് മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും അച്ഛൻ സഹായിച്ചവരിൽ നിന്നാണ് ഏറ്റവും അധികം ഉപദ്രവം നേരിടേണ്ടിവന്നതെന്നും ഇനിയൊരു മടക്കമില്ലെന്നും പത്മജ പറഞ്ഞു.

‘കോൺഗ്രസ് വിടാൻ തീരുമാനിച്ചത് മൂന്നുകൊല്ലം മുമ്പാണ്. കെസി വേണുഗോപാലിന്റെ പേരുപറഞ്ഞ് ചില കള്ളന്മാർ കളിക്കുകയാണ്. കെസി അത് അറിഞ്ഞുപോലും കാണില്ല. അദ്ദേഹത്തെ ഞാൻ പലതവണ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല.ഞാൻ പൊയ്‌ക്കോട്ടെ എന്നുവിചാരിക്കുന്നവരായിരുന്നു

ഏറെയും. തൃശൂരിൽ തോൽപ്പിച്ചത് പാർട്ടിക്കാർ തന്നെയാണ്. പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി 50 ലക്ഷം ചോദിച്ചു. 22 ലക്ഷം കൊടുത്തു. പണം വാങ്ങിയിട്ട് പ്രചാരണ വാഹനത്തിൽപ്പോലും കയറ്റിയില്ല.കരുണാകരൻ സ്മാരകത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസിൽ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാവും.

കോൺഗ്രസ് സ്ത്രീകൾക്ക് ഒരു പരിഗണനയും നൽകുന്നില്ല. സ്ത്രീകൾ എന്നുകേൾക്കുമ്പോഴേ നേതാക്കൾക്ക്പു ച്ഛമാണ്. ബിജെപി ഇങ്ങോട്ട് സമീപിച്ചതാണ്. കേന്ദ്ര നേതാക്കളാണ് സമീപിച്ചത്. പ്രവർത്തന സ്വാതന്ത്ര്യം മാത്രമാണ് ബി ജെപിയോട് ആവശ്യപ്പെട്ടത്. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വാഗ്ദാനമൊന്നും നൽകിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും. ബിജെപി സംസ്ഥാന നേതാക്കളുടെ അതൃപ്തി സ്വാഭാവികം.- പത്മജ പറഞ്ഞു.

ഇന്നലെയാണ് പത്മജ ബിജെപിയിൽ ചേർന്നത്. ബിജെപി പ്രവേശനത്തിന് ശേഷം ഇന്നുരാവിലെ തലസ്ഥാനത്തെത്തിയ പത്മജയ്ക്ക് ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നൽകിയത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ എത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലും പത്മജയ്ക്ക് സ്വീകരണം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button