ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി. വട്ടവട റൂട്ടില്‍ എക്കോ പോയിന്റിനു സമീപമാണ് ഞായറാഴ്ച രാത്രി പടയപ്പയിറങ്ങിയത്. എക്കോ പോയിന്റിനു സമീപത്തുള്ള മൂന്ന് കടകള്‍ പടയപ്പ തകര്‍ത്തു. സ്ഥലത്ത് പടയപ്പ നിലയുറപ്പിച്ചതോടെ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുതന്നെ ഹോസ് കൊമ്പന്‍ എന്ന ഒറ്റയാന്‍ ഇറങ്ങിയിരുന്നു. ഒരു മണിക്കൂറോളം നേരമാണ് ഹോസ് കൊമ്പന്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നത്.
മാട്ടുപ്പെട്ടി ഡാമില്‍ കുളിച്ചതിനുശേഷം സ്ഥിരമായി പടയപ്പ എത്തുന്ന സ്ഥലമാണിത്. മാട്ടുപ്പെട്ടി ഡാം, ബോട്ട് സര്‍വീസ്, എക്കോ പോയിന്റ് തുടങ്ങിയ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടങ്ങളിലായാണ് പടയപ്പയെ കാണാറ്. വട്ടവടയിലേക്ക് പോകുന്ന റൂട്ട് കൂടിയായതിനാല്‍ നിരവധി സഞ്ചാരികള്‍ കടന്നുപോകുന്ന പ്രദേശംകൂടിയാണിത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് എക്കോ പോയിന്റിനു സമീപമെത്തിയത്. ഇവിടെ കരിക്കും ചോളവും വില്‍ക്കുന്ന കടകളിലെത്തി അവയെടുത്ത് ഭക്ഷിച്ചു. എന്നാല്‍ അതുവഴി വന്ന യാത്രക്കാര്‍ക്കുനേരെ പ്രകോപനപരമായ രീതിയില്‍ പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം പെട്ടി കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ ചിലവഴിക്കാറുണ്ട്. മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞപ്പോള്‍ വാഹനം തകർക്കരുതേ എന്ന് പടയപ്പയോട് ട്രാക്ടർ ഡ്രൈവർ അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് അടുത്തിടെയാണ്. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി എത്തിയ ട്രാക്ടറാണ് പടയപ്പ തടഞ്ഞത്.