പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്നലെ മണ്ഡലത്തിലെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മങ്കൂട്ടത്തിൽ ഇന്ന് രാവിലെ മുതൽ പ്രചരണം തുടങ്ങും. കഴിഞ്ഞ ദിവസം ആവേശകരമായ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ രാഹുൽ മങ്കൂട്ടത്തിലിന് നൽകിയത്. ബിജെപി സ്ഥാനാർത്ഥി ആര് എന്ന സംബന്ധിച്ചും തീരുമാനം ഉടൻ ഉണ്ടാകും. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിലെത്തും. ഈ മാസം 22ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനായി മുഖ്യമന്ത്രിയും പാലക്കാട് എത്തുന്നുണ്ട്.പി വി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി മിൻഹാജും ഇന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും.