മലപ്പുറം: മുന്നണി മാറാന്‍ ക്ഷണിച്ച സിപിഎമ്മിനെതിരെ (CPM)ഒടുവില്‍ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പ്രതികരണം. നേരത്തെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം ലീഗ് നേതൃയോഗം ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായാണ് നിലപാട് മാറ്റം.
യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറും പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫില്‍ നിന്നും ആരെങ്കിലും അസംതൃപ്തരായി വിട്ട് പോകുമെന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് മുന്നോടിയായാണ് പികെ കുഞ്ഞാലിക്കുട്ടി, ഇപി ജയരാജന്റെ ക്ഷണത്തോടുള്ള മൃദുസമീപനം മാറ്റി ശക്തമായ നിലപാട് സ്വീകരിച്ചത്. ലീഗിനെ ക്ഷണിച്ച ഇപി ജയരാജന്റെ നിലപാട് സിപിഎം തിരുത്തിയതിന് പിന്നാലെ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ ലീഗിനെ ഉപദേശിച്ച് എം വി ജയരാജനും രംഗത്തെത്തി.
ജയരാജന്റെ പ്രസ്താവനയോട് ലീഗ് നേതാക്കള്‍ പല രീതിയില്‍ പ്രതികരിച്ചത്. ആശയക്കുഴമുണ്ടാക്കിയതായി ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. റംസാന്‍ കാലത്തെ ഫണ്ട് പിരിവ് ശക്തമാക്കാന്‍ ഉള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു. സാധാരണ ലഭിക്കാറുള്ള വാര്‍ഷിക ഫണ്ടിന്റെ പകുതി പോലും ഇത്തവണ പിരിച്ചെടുക്കാനായിട്ടില്ല. ലീഗിനുള്ള ജയരാജന്റെ ക്ഷണം സിപിഎം തള്ളിപ്പറഞ്ഞുവെങ്കിലും മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപദേശിച്ച് എം വി ജയരാജന്‍ രംഗത്തെത്തി. എന്നാല്‍ ലീഗിനെ എല്‍ഡിഎഫിലെടുക്കുമോ എന്ന് വ്യക്തമാക്കാനദ്ദേഹം തയ്യാറായില്ല.
മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ കിങ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതില്‍ ഇപി ജയരാജന് വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ യോഗം വിമര്‍ശിച്ചു. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളില്‍ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയേറ്റ് യോഗം നിര്‍ദ്ദേശിച്ചു. മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഇടതുമുന്നണി കണ്‍വീനറായി ചുമതലയേറ്റ ശേഷം, ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ വരവറിയിച്ച് ഇപി ജയരാജന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മുസ്ലിം ലീഗ് മുന്നണി മാറ്റവുമായി വരുമ്പോള്‍ അതേക്കുറിച്ച് ചിന്തിക്കും. മുന്നണി വിപുലീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത പലരും ഇടതുമുന്നണിയിലേക്ക് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.