ന്യായമല്ലാത്ത കാര്യത്തിന് കൂട്ടുനിന്നു; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ യു.ഡി.എഫ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് പി.ജെ. ജോസഫ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ന്യായമല്ലാത്ത കാര്യത്തിന് യു.ഡി.എഫ് നേതൃത്വം കൂട്ടുനിന്നെന്ന് പി.ജെ. ജോസഫ്. മോന്‍സ് ജോസഫിനും സി.എഫ്.തോമസിനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുഡിഎഫ് നേതൃത്വത്തിനെതിരേ ജോസഫ് തുറന്നടിച്ചത്. ജോസ് കെ. മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തീരുമാനമെടുത്തത്.
പ്രസിഡന്റ് സ്ഥാനം നല്‍കിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് യുഡിഎഫ് നേതൃത്വത്തെ ജോസ് കെ. മാണി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. തങ്ങള്‍ യുഡിഎഫിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണ് വിട്ടുവീഴ്ച ചെയ്തത്. എട്ട് മാസത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന ധാരണയുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒത്തൊരുമയോടെ മത്സരിച്ചില്ലെങ്കില്‍ വിജയം ബുദ്ധിമുട്ടാകും. പാലായില്‍ ജോസഫ് വിഭാഗത്തിന് സ്ഥാനാര്‍ഥിയുണ്ടാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. അതൊക്കെ മുന്നണി തീരുമാനം വന്നതിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു ജോസഫിന്റെ മറുപടി.