29.5 C
Kottayam
Monday, May 6, 2024

P C George : പി സി ജോര്‍ജ്‌ ജയിലിലാവുമോ? വിദ്വേഷ പ്രസംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Must read

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ (Hate Speech) പി സി ജോർജ് ( P C George) സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.

 രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്‍റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോർജിന്‍റെ ആവശ്യം. ഹർജിയിൽ സർക്കാർ ഇന്ന് മറുപടി നൽകും. കേസിൽ തന്‍റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കൊച്ചി വെണ്ണലയിൽ പി സി ജോര്‍ജിനെ  പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച്‌ നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും.

പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. പിസിക്കെതിരെ ചുമത്തിയ 153 A, 295 A വകുപ്പുകള്‍ നിലനില്‍ക്കും. ജോർജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നും കമ്മിഷണർ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്തെ പരാതി

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോള്‍ പി സി ജോർജ് നടത്തിയ പരാമര്‍ശങ്ങളാണ് ആദ്യം വിവാദമായത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പിസി ജോ‍ർജിനെതിരായ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു.

 മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നി‍ര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പി സി മണിക്കൂറുകൾക്കകം കോടതി ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week