തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായി പിസി ജോർജ്ജ് ഇന്ന് ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിസി ജോർജ്ജ് മറുപടി നൽകിയത്. മറ്റൊരു ദിവസം നൽകണമെന്നായിരുന്നു അഭ്യർത്ഥന. നാളെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ ഈ നോട്ടീസ് അവഗണിച്ച പിസി ജോര്‍ജ്ജ് ഇന്ന് തൃക്കാക്കരയിൽ പ്രചാരണത്തിൽ പങ്കെടുക്കുമോ എന്നതാണ് ഏവരുടേയും സംശയം.
കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്നായിരുന്നു നോട്ടീസ്. അതിനിടെ ഇന്ന് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താനാണ് പിസി ജോർജ്ജിന്‍റെ തീരുമാനം. പൊലീസിന്റെ നോട്ടീസിന് അനാരോഗ്യം മൂലം നാളെ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് കാണിച്ചാണ് ജോർജ് മറുപടി നൽകിയിരിക്കുന്നത്. പൊലീസ് നിർദേശിക്കുന്ന മറ്റൊരു തീയതിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാമെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകി. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടിയിൽ പറയുന്നു. നാളെ ആരോഗ്യപരിശോധനയ്ക്ക് വേണ്ടി തനിക്ക് ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമാണ് പിസിയുടെ മറുപടി.
അതേസമയം ഇന്ന് പിസി ജോർജ്ജ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തും എന്നു തന്നെയാണ് ലഭിക്കുന്ന വിവരം. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പിസി ജോർജ് പ്രചാരണം നടത്തും എന്നാണ് നേരത്തെ ബിജെപി അറിയിച്ചിരുന്നത്. പൊലിസിൻ്റെ നോട്ടീസ് അവഗണിച്ച് ജോർജ് തൃക്കാക്കരയിലേക്ക് പോയാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങിയേക്കും.
തൻ്റെ പ്രചാരണം തടയാൻ ചോദ്യം ചെയ്യൽ മറയാക്കിയ സർക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പിസി ജോർജിന്‍റെ അറസ്റ്റ് വർഗീയ വിഷം പരത്തുന്നവർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നാളെ പ്രചാരണത്തിൽ മറുപടി നൽകാൻ ഇരിക്കെ ആണ് പിസി ജോർജിന് പൊലിസ് തടയിടാൻ പൊലീസ് ശ്രമിച്ചത്.