ജനീവ∙ ലിബിയിൽനിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്. ദിവസങ്ങൾക്കു മുൻപുതന്നെ അഭയാർഥികളുമായി ലിബിയ തീരം വിട്ട ബോട്ടാണ് മുങ്ങിയതെന്ന് യുഎൻ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന നാലുപേരെ അതുവഴി പോയ അലേഗ്രിയ 1 എന്ന ക്രൂഡ് ഓയിൽ ടാങ്കർ രക്ഷപ്പെടുത്തി. നാലു ദിവസം മുൻപാണ് നൂറോളം പേരുമായി ബോട്ട് ലിബിയയിൽനിന്ന് യാത്രയാരംഭിച്ചതെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം.
‘മെഡിറ്ററേനിയൻ കടലിൽ വച്ചുണ്ടായ മറ്റൊരു ദുരന്തത്തിൽ തൊണ്ണൂറിലധികം പേർ മരിച്ചിരിക്കുന്നു. യുക്രെയ്നിൽനിന്നുള്ള 40 ലക്ഷത്തോളം അഭയാർഥികൾക്ക് ആശ്രയം നൽകി യൂറോപ്പ് മാതൃക കാട്ടുന്നതിനിടെയാണ് ഈ അപകടം. ദുരന്ത മുഖത്തുനിന്ന് രക്ഷതേടി നിലവിളിക്കുന്ന ആയിരക്കണക്കിന് അഭയാർഥികൾക്കു കൂടി സമാനമായ രീതിയിൽ ആശ്രയം നൽകുന്ന കാര്യം കൂടി നമ്മൾ പരിഗണിക്കണം’ – ഫിലിപ്പോ ഗ്രാൻഡ ട്വീറ്റ് ചെയ്തു.
ആഭ്യന്തര കലാപവും ദാരിദ്ര്യവും രൂക്ഷമായ രാജ്യങ്ങളിൽനിന്ന് പ്രതീക്ഷയുടെ തുരുത്തുതേടി യാത്രയ്ക്കിറങ്ങുന്ന നൂറുകണക്കിന് അഭയാർഥികളാണ് ഓരോ വർഷവും മരണത്തിനു കീഴടങ്ങുന്നത്. 2021ൽ മാത്രം 1864 അഭയാർഥികൾ ഇത്തരത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് ‘ദ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ കണക്ക്. 2020ൽ ഇത് 1401 ആയിരുന്നു.