ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഏക സിവില്‍ കോഡിനെ പിന്തുണച്ചുള്ള ഗവര്‍ണറുടെ പ്രതികരണത്തിന് പിന്നാലെയാണ് ഒവൈസി രംഗത്തെത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുന്നതാവും ഉചിതമെന്ന് ഒവൈസി കടന്നാക്രമിച്ചു.
‘ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം ഒരു സര്‍ക്കാരിനെ പുകഴ്ത്തുകയല്ല വേണ്ടത്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരണം.’ ഒവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം ‘ഏക സിവില്‍ കോഡ്-കാലഘട്ടത്തിന്റെ ആവശ്യം’ എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ യുസിസിയില്‍ പരസ്യ നിലപാട് അറിയിച്ചത്.
മതം, ഗോത്രം, അല്ലെങ്കില്‍ മറ്റു പ്രാദേശികാചാരങ്ങള്‍ എന്നിവ പരിഗണിക്കാതെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒരേ നീതി ഉറപ്പാക്കുന്നതിനാണ് ഏക സിവില്‍ കോഡെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഏക സിവില്‍ കോഡില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ ലോ കമ്മീഷന്‍ അനുവാദം നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, ചൈനീസ് കടന്നുകയറ്റം എന്നിവ ചര്‍ച്ചയാവാതിരിക്കാനാണ് കേന്ദ്രം യുസിസി അവതരിപ്പിച്ചതെന്ന് ഉവൈസി വിമര്‍ശിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണിതെന്നും ഒവൈസി ആരോപിച്ചു.