പത്തനംതിട്ട: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് സഭ ആഹ്വനം ചെയ്തു. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികന്‍ തന്നെ പിന്തുണയുമായി കോന്നിയില്‍ എത്തി. 53 ദേവാലയങ്ങളും മുപ്പതിനായിരത്തോളം വോട്ടും ഉള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സാധിച്ചത് എന്‍ ഡി എയുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അങ്കമാലി അതിരൂപതയിലെ ഫാദര്‍ വര്‍ഗീസാണ് എന്‍ഡിഎക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയത്. സഭാ തര്‍ക്കത്തില്‍ ഇടത് വലത് മുന്നണികളില്‍ നിന്ന് ഓര്‍ത്ത്‌ഡോക്‌സ് സഭ നേരിട്ടത് വലിയ അനീതിയാണെന്ന് ഫാദര്‍ വര്‍ഗീസ് പറഞ്ഞു. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി കൂടിയായ ഇദ്ദേഹം കോന്നിയിലെ എന്‍ഡിഎ ഓഫീസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. സഭയെ ദ്രോഹിച്ചവരെ സഭാ വിശ്വാസികള്‍ക്ക് അറിയാമെന്നും അതനുസരിച്ച് വിശ്വാസികള്‍ ഉപതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.