ഹൈദരാബാദ്: യുവതികളുടെയും വീട്ടമ്മമാരുടെയും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികമായി ചൂഷണംചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഗുണ്ടൂര്‍ സ്വദേശിയായ രവി മസ്താന്‍ സായിയൊണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
തെലുഗു നടന്‍ രാജ് തരുണിന്റെ മുന്‍ ലിവ് ഇന്‍ പങ്കാളിയായിരുന്ന ലാവണ്യയുടെ പരാതിയിലാണ് പോലീസ് മസ്താന്‍ സായിയെ അറസ്റ്റ് ചെയ്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിരവധി സ്ത്രീകളുടെ 300-ലേറെ സ്വകാര്യദൃശ്യങ്ങളടങ്ങിയ മസ്താന്‍ സായിയുടെ ഹാര്‍ഡ് ഡിസ്‌കും ലാവണ്യ പോലീസിന് കൈമാറിയതായും റിപ്പോര്‍ട്ടുകളിലുണ്ട്.
യുവതികളുമായും വിവാഹിതരായ സ്ത്രീകളുമായും സൗഹൃദം നടിച്ച് പരിചയത്തിലാകുന്ന മസ്താന്‍ സായി ഇവരുടെ ഫോണുകളടക്കം ഹാക്ക് ചെയ്താണ് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കിയിരുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന മസ്താന്‍ സായി സ്ത്രീകളുടെ ഫോണ്‍ ഹാക്ക് ചെയ്തശേഷം ഇവരുടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തിരുന്ന പ്രതി, ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.
മസ്താന്‍ സായി തന്റെ സ്വകാര്യദൃശ്യങ്ങളും പകര്‍ത്തിയതായാണ് ലാവണ്യ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. മസ്താന്‍ സായിയുടെ വീട്ടില്‍നിന്ന് തനിക്ക് കിട്ടിയ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിരവധി സ്ത്രീകളുടെ നൂറുകണക്കിന് വീഡിയോകളുണ്ടെന്നും ഇത് പോലീസിന് കൈമാറിയതായും ലാവണ്യ പറഞ്ഞു.
ഈ ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മസ്താന്‍ സായി മര്‍ദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ നവംബറിലാണ് ഹാര്‍ഡ് ഡിസ്‌ക് തനിക്ക് കിട്ടിയതെന്നും യുവതി വ്യക്തമാക്കി.
അറസ്റ്റിലായ മസ്താന്‍ സായിയും ലാവണ്യയും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. നടന്‍ രാജ് തരുണിനെതിരേ പരാതി ഉന്നയിച്ചതിലൂടെയാണ് ലാവണ്യ നേരത്തെ വാര്‍ത്തകളിലിടം നേടിയത്. വിവാഹവാഗ്ദാനം നല്‍കി രാജ് തരുണ്‍ വഞ്ചിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമായിരുന്നു ലാവണ്യ നടനെതിരേ ഉന്നയിച്ച പരാതി. എന്നാല്‍, ലാവണ്യയുമായി അടുപ്പമുണ്ടായിരുന്നതായും ലാവണ്യയുടെ മയക്കുമരുന്ന് ഉപയോഗവും ഉപദ്രവവും കാരണമാണ് ബന്ധം അവസാനിപ്പിച്ചതെന്നുമായിരുന്നു നടന്റെ വിശദീകരണം.