EntertainmentKeralaNews

അല്ലെങ്കിൽ ഇപ്പോൾ കല്യാണം കഴിഞ്ഞേനെ; ബാച്ചിലറായി തുടരുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി:മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കൺ ആണ് നടൻ ഉണ്ണി മുകുന്ദൻ. ബോളിവുഡ് നടൻ‌മാരെ പോലെ ശരീര ഭം​ഗി കാത്തു സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദന് വലിയ ആരാധക വൃന്ദവും ഉണ്ട്. നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങൾ എല്ലാം സിനിമയിൽ ഉണ്ണി മുകുന്ദൻ ചെയ്തിട്ടുണ്ട്. മേപ്പടിയാൻ, ഭ്രമം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഉണ്ണി മുകുന്ദന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

ഭ്രമത്തിൽ നായകൻ പൃഥിരാജ് ആയിരുന്നെങ്കിലും ഉണ്ണി മുകുന്ദന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. മേപ്പടിയാനിൽ മുഴുനീള വേഷത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഇപ്പോഴിതാ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോവുകയാണ് ഉണ്ണി മുകുന്ദൻ. ബാല, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള താരങ്ങൾ ആണ് സിനിമയിൽ അണിനിരക്കുന്നത്.

റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 35 കാരനായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചു. മോസ്റ്റ് എലിജിബിൾ ബാച്ച്ലർ ഇൻ മോളിവുഡ് എന്നാണ് താങ്കളെ വിശേഷിപ്പിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.

ഏറ്റവും മോശം ബാച്ചിലറാണ് ഞാനെന്ന് തോന്നുന്നു. അല്ലെങ്കിൽ എന്റെ കല്യാണം നടന്നേനെ. അല്ലാത്തത് കൊണ്ടാണ് വിവാഹം നടക്കാത്തത്, ഉണ്ണി മുകുന്ദൻ തമാശയോടെ പറഞ്ഞു. ബാച്ചിലർ ലൈഫിൽ ഒരുപാട് സമയം കിട്ടുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഞാനെന്റെ വിവാഹം കഴിഞ്ഞ സഹപ്രവർത്തകരുടെ കാര്യം നോക്കുമ്പോൾ അവർക്ക് ഒരു ഉത്തരവാദിത്വം ഉണ്ട്.

‘പണ്ടത്തെ ആ ഒരു സ്പേസ് ഉണ്ടാവില്ല. ഇതെല്ലാം മാനേജ് ചെയ്യുന്നവരും ഉണ്ട്. സുഹൃത്തുക്കളിൽ ചിലർ ഈ ദിവസം പറ്റില്ല ഏഴ് മണിക്ക്, എട്ട് മണിക്ക് പോവണം എന്ന് പറയും. ഫോൺ വിളിക്കുമ്പോൾ ഭാര്യ ആയിരിക്കും എടുക്കുക. അതൊക്കെ ഉണ്ടായിട്ടുണ്ട്. അത് സാധാരണമാണ്. അവർക്ക് അവരുടെ പേഴ്സണൽ സ്പേസ് ഉണ്ടാവും. സുഹൃദ് വലയം ലിമിറ്റഡ് ആവും’

‘സിനിമാ ഫീൽഡ് ഞാൻ തെരഞ്ഞെടുത്തത് തന്നെ വലിയ ധൈര്യമാണ്. മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് വരുന്ന ആൺകുട്ടികൾ, പ്രത്യേകിച്ച് വിദ്യഭ്യാസം ഇല്ലെങ്കിൽ ഇതിലേക്ക് വരാൻ പാടില്ല. ലക്ക് ഫാക്ടറിനെ ആശ്രയിച്ച് ജോലി ചെയ്യാൻ പറ്റില്ല. നല്ല വിദ്യഭ്യാസ പശ്ചാത്തലം വേണം. ഇതിന്റെ സീരിയസ്നെസ് ഞാനിപ്പോഴാണ് മനസ്സിലാക്കുന്നത്’

‘എന്ത് വിചാരിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന്. അന്ന് ആ ഒരു ചിന്ത ഇല്ലായിരുന്നു. പണ്ട് ഞാൻ പെട്ടെന്ന് ചിന്തിച്ച് തീരുമാനം എടുക്കുന്ന ആളായിരുന്നു’

‘ഇപ്പോൾ ആ തീരുമാനങ്ങൾ വൈൽഡ് ആയി തോന്നുന്നു. പ്ലസ് ടുവിന് 83 ശതമാനം മാർക്ക് മേടിച്ചിട്ട് പഠനം വേണ്ടെന്ന് വെച്ചു. സിനിമയിലേക്ക് പോയി. നാലഞ്ച് വർഷം ഒന്നും നടക്കാതെ ആയപ്പോൾ ഞാൻ ഒരു പന്ത്രണ്ടാം ക്ലാസുകാരൻ മാത്രമായി. ആ അഞ്ച് വർഷം വല്ലാതെ പിന്നിലായ പോലെ തോന്നി. പിന്നെ ആ പ്രഷർ ആയി. ആ പ്രഷർ പോയിന്റിലാണ് ഇതുവരെ ചെയ്തത്,’ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button