ന്യൂഡല്‍ഹി: യുക്രൈന്‍ രക്ഷാദൗത്യത്തില്‍ 800ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ
സുരക്ഷിതമായെത്തിച്ച് കൈയ്യടി നേടി 24കാരിയായ വനിത പൈലറ്റ്. കൊല്‍ക്കത്ത സ്വദേശിയായ മഹാശ്വേത ചക്രവര്‍ത്തിയാണ് യുക്രൈന്‍ ദൗത്യത്തില്‍ ചേര്‍ന്ന് താരമാകുന്നത്.
നാല് വര്‍ഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റാണ് മഹാശ്വേത. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ശ്വേത യുക്രെയ്‌നില്‍ കുടുങ്ങിയ 800-ലധികം വിദ്യാര്‍ത്ഥികളെ ആണ് നാട്ടിലെത്തിച്ചത്. തന്റെ ചെറിയ പ്രായത്തില്‍ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്നാണ് മഹാശ്വേത പറയുന്നു.
എയര്‍ലൈനില്‍ നിന്നും രാത്രി വൈകിയാണ് തനിക്ക് ഒരു കോള്‍ വരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്ത് കൊണ്ടുള്ള ഫോണ്‍ കോളായിരുന്നു അത്. കോവിഡ് മഹാമാരിയുടെ കാലത്ത് വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായും ശ്വേത പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും വാക്‌സിനുകളും കൊല്‍ക്കത്തിയിലും മറ്റ് വിമാനത്താവളങ്ങളിലേക്കും പൂനെയിലേക്കും എത്തിച്ചതില്‍ ശ്വേതയും ഉണ്ടായിരുന്നു.
യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടെ 21 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് സമ്മര്‍ദ്ദം കാരണം ഫിറ്റ്സ് ബാധിച്ച സംഭവവും ശ്വേത ഓര്‍ത്തെടുത്തു. അബോധാവസ്ഥയില്‍ തന്റെ കൈകളില്‍ മുറുകെപ്പിടിച്ച അവള്‍ അമ്മയുടെ അടുത്തേക്ക് എത്രയും വേഗം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട നിമിഷവും വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെട്ട നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ശ്വേത പറഞ്ഞു.
ബിജെപിയുടെ മഹിള മോര്‍ച്ചയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ശ്വേതയെ അഭിനന്ദിച്ച് കുറിപ്പുള്ളത്. മഹിള മോര്‍ച്ച വൈസ് പ്രസിഡന്റ് പ്രിയങ്ക ശര്‍മയും മഹാശ്വേതയുടെ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും അയല്‍രാജ്യങ്ങളായ പോളണ്ട്, ഹങ്കറി എന്നിവിടങ്ങളില്‍ നിന്നുമായി 800 വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി ഇവര്‍ വിമാനം പറത്തിയതായി ട്വീറ്റില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ മഹിള മോര്‍ച്ചയുടെ പ്രസിഡന്റ് തനുജ ചക്രവര്‍ത്തിയുടെ മകളാണ് മഹാശ്വേതയെന്നും ട്വീറ്റില്‍ പറയുന്നു.
ഇതുവരെ 20000 ത്തിലധികം ഇന്ത്യക്കാരെയാണ് 80ല്‍ കൂടുതല്‍ പ്രത്യേക വിമാന സര്‍വീസുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ട ഈ രക്ഷാദൗത്യത്തിലൂടെ ബംഗ്ലാദേശ് നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ പൗരന്‍മാരെയും ഇന്ത്യ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ബസുകളിലൂം ട്രൈനുകളിലും കാല്‍നടയായുമൊക്കെ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിച്ച ശേഷമാണ് ഇവരെ വിമാനത്തില്‍ നാടുകളിലേക്ക് എത്തിച്ചത്.
യുദ്ധം ആരംഭിച്ചതു മുതല്‍ യുക്രൈന്റെ വ്യോമപാതകള്‍ അടച്ചിരുന്നു. തുടര്‍ന്ന് രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഇന്ത്യ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് കേന്ദ്ര മന്ത്രിമാരെ അയക്കുകയുണ്ടായി. നേരത്തെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 24 ന് റഷ്യന്‍ കടന്നുകയറ്റത്തോടെ ആരംഭിച്ച യുദ്ധം മൂന്നാമത്തെ ആഴ്ചയും തുടരുകയാണ്.