ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്, സ്‌കൂളുകളില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങള്‍,വിദ്യാഭ്യാസം കച്ചവടമെന്ന് തെളിയിക്കുന്ന ഗുരുതര ക്രമക്കേടുകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി
തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.ലക്ഷക്കണക്കിന് രൂപയാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.വിദ്യാഭ്യാസ ഓഫീസുകളിലും വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
ആലപ്പുഴ ജില്ലയിലെ വിവിധ മാനേജ്‌മെന്റുകളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചു.ലജനത്തുള്‍ മുഹമ്മദിയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുമാത്രം 3.17 ലക്ഷം രൂപ പിടികൂടി. സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്തതാണ് പണമെന്ന് വിജിലന്‍സ് അറിയിച്ചു.
വട്ടപ്പാറ എല്‍എംഎസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്മാര്‍ട് ക്ലാസ് തുടങ്ങാന്‍ കുട്ടികളില്‍ നിന്ന് 40,000 രൂപ അനധികൃതമായി പിരിച്ചു വച്ചിരിക്കുന്നതായും കണ്ടെത്തി.തിരുവല്ല ഡിബിഎച്ച്എസ്എസില്‍ പിടിഎ ഫണ്ടിന് പുറമേ 10,00 രൂപ കൂടി കുട്ടികളില്‍ നിന്നും പിരിക്കുന്നുവെന്നും പിടിഎക്കായി പിരിക്കുന്ന പണം ബാങ്ക് അക്കൗണ്ടില്‍ നിഷേപിക്കാതെ സ്‌കൂകളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മാനേജ്‌മെന്റ് തന്നെ സമ്മതിച്ചു.
ഈരാറ്റുപേട്ട മുസ്ലിം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കണക്കില്‍പ്പെടാതെ സൂക്ഷിച്ച നാലര ലക്ഷത്തോളം രൂപ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 21500 രൂപ പിടിച്ചെടുത്തു.പി.ടി.എ ഫണ്ടെന്ന പേരില്‍ കുട്ടികളില്‍ നിന്ന് അനധികൃതമായി പിരിച്ച പണം ബാങ്കില്‍ അടച്ചിട്ടില്ലെന്നും കണ്ടെത്തി.
വൈക്കം കുടവെച്ചൂര്‍ സ്‌കൂളില്‍ പി.ടി.എ ഫണ്ടായി അഞ്ഞൂറു രൂപയ്ക്ക് പുറമെ 1320 രൂപ വീതം കുട്ടികളില്‍ നിന്ന് അധികമായി പിരിച്ചെടുക്കുന്നതായി തെളിഞ്ഞു.കോട്ടയം എം.ഡി.സെമിനാരി സ്‌കൂളില്‍ സ്‌കൂളില്‍ പുതുതായി അഡ്മിഷന്‍ എടുത്ത കുട്ടികളില്‍ നിന്ന് പിരിച്ചെടുത്ത 11 ലക്ഷത്തോളം രൂപയുടെ രേഖകള്‍ കമ്പ്യൂട്ടറില്‍ നിന്നും കണ്ടെത്തി.പി.ടി.എ ഫണ്ട് പരിയ്ക്കുന്നതിന് കൃത്യമായ രസീത് നല്‍കാറില്ലെന്നും പരിശോധനയില്‍ വ്യക്തമായി