തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മിതമെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി. ഡാം തുറന്നുവിട്ടാണ് ജനങ്ങളെ മുക്കികൊന്നത്. മനുഷ്യ നിര്‍മിത പ്രളയം അല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പക്ഷേ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2018 ലെ വെള്ളപ്പൊക്കം സംബന്ധിച്ച് ഒരു വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അത് അന്ന് പ്രതിപക്ഷം പറഞ്ഞത് ശരിവച്ചുകൊണ്ടുള്ളതാണ്. മനുഷ്യ നിര്‍മിതമായ വെള്ളപ്പൊക്കമാണെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വെള്ളം കുത്തിയൊലിച്ച് വരുന്ന സമയത്ത് ഇവിടുത്തെ എല്ലാ ഡാമുകളും തുറന്നുവിട്ടു. വെള്ളത്തില്‍ കേരളത്തെ മുക്കികൊന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി- അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതു കൈകൊണ്ടും അദാനിയെ സഹായിക്കുകയാണ്. കരാറുകൊണ്ട് ദോഷമുണ്ടാകുന്നത് ജനങ്ങള്‍ക്കാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന വൈദ്യുതി റഗുലേഷന്‍ കമ്മീഷന്റെ തീരുമാനപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സംസ്ഥാനം വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്ഥാനമാണ്. 2021-22 ല്‍ വര്‍ഷം 811 യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുണ്ടാവുക. ഈ സാഹചര്യത്തില്‍ അദാനിയുടെ കൈയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താത്പര്യമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപ്റ്റംബറിലും ജൂണിലും ഒപ്പുവച്ച കരാര്‍ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ അദാനിക്ക് വഴിതുറക്കുകയാണ് ചെയ്തത്. യൂണിറ്റ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതിയും ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയും ലഭ്യമായിരിക്കെ അദാനിയില്‍ നിന്ന് 2.82 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട ആവശ്യമെന്താണ്. അദാനിക്ക് 1000 കോടി രൂപ കിട്ടുമ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. ഓരോ കാര്യങ്ങളെടുത്ത് നോക്കിയാല്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടം പരാജയത്തിന്റേതാണ്. ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ കഴിയാതെ, വന്‍കിട വികസന പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാതെ പിണറായി വിജയന്റെ ഭരണം അവസാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.
അഴിമതിയും കൊള്ളയും മാത്രമാണ് ഈ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്ര പിടിപ്പുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ നടന്ന സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട അഴിമതികള്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ ഓഫീസ് പോലും നേരെചൊവ്വെ ഭരിക്കാന്‍ അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തെ ഭരിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.