24.6 C
Kottayam
Sunday, May 19, 2024

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രം

Must read

തിരുവനന്തപുരം:വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത്. വാക്സിനേഷന്‍ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ജില്ലകള്‍ക്ക് വാക്സിന്‍ വിതരണം നടത്തുമ്ബോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച്‌ ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം.

സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്‍റീന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണ്.

നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്തിന്‍റെ പക്കലുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐ.സി.യു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും ഏണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week