കൊച്ചി:മലയാള സിനിമ മേഖലയില്‍ നിന്നും 225 കോടിരൂപയുടെ കള്ളപ്പണം പിടിച്ചെടുത്തവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ഇന്നും ഇന്നലെയുമായി മോഹന്‍ലാലിന്റെ വീട്ടില്‍ റെയിഡ് നടന്നു എന്നുള്ളതും ശരിയായ കാര്യമല്ല. ഡിസംബറില്‍ ആന്റോ ജോസ്ഫ്, ലിസ്റ്റിന്‍ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധനയ്ക്കായി വന്നു.
അവിടെ നിന്നും ഫയലുകളും ഫോണുകളിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അതിന് ശേഷം ഇതുവരെ എന്തെങ്കിലും ക്രമക്കേട് നടന്നതായുള്ള പരാതി ലഭിച്ചിട്ടില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.
ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയുടെ ഫലമായി മോഹന്‍ലാലില്‍ നിന്നും ഒരു അഫിഡവിറ്റ് വേണമായിരുന്നു. അത് ഇന്നലെ വാങ്ങി എന്നുള്ളതാണ് ശരി. നേരത്തെ പരിശോധനയ്ക്കായി എടുത്ത ഫോണുകള്‍ തിരിച്ച് നല്‍കിയിട്ടുണ്ട്. 225 കോടിയുടെ കള്ളപ്പണം എന്നൊക്കെ പറയുന്നത് ഊഹാപോഹങ്ങളാണ്. ജി എസ്ടിയൊക്കെ ഉള്ളതുകൊണ്ട് ഇപ്പോള്‍ പഴയ രീതിയിലുള്ള കളികളും നടക്കില്ല.
ജി എസ് ടി അടച്ച് ചെക്കായിട്ടാണ് തിയേറ്ററുകാർ പണം നല്‍കുന്നത്. ഒടിടിക്കാരും സാറ്റ്ലൈറ്റും തുകയും ജി എസ് ടിക്ക് ശേഷം ബാങ്ക് വഴിയാണ് നല്‍കുന്നത്. 50 കോടി ക്ലബില്‍, 100 കോടി ക്ലബില്‍ എന്നിങ്ങനെ സാമൂഹമാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുന്ന പ്രചരണങ്ങളും ഇവർ കൊടുക്കുന്ന കണക്കും ടാലിയാവാത്ത സാഹചര്യത്തില്‍ ഇന്‍കം ടാക്സ് കണക്കുകള്‍ ഹാജരാക്കാന്‍ പറഞ്ഞതും രേഖകള്‍ എടുത്തോണ്ട് പോയതും. കൊടുത്ത കണക്കുകളെല്ലാം വ്യക്തമാണ്.
മോഹന്‍ലാല്‍ ഒഴികെ ആരും റിസ്ക് എടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരിക്കല്‍ ചായം തേക്കാന്‍ നിർമ്മാതാവ് സമ്മതിച്ചിട്ട് നടന്മാർ ആയവരാണ് എല്ലാവരും. ആ നടന്മാരൊക്കെ സാമ്പത്തികപരമായി മെച്ചപ്പെട്ടപ്പോള്‍ സ്വന്തം കമ്പനി രൂപീകരിച്ചു. ഇവിടെ മുന്‍ നിരയില്‍ നില്‍ക്കുന്ന നായകന്മാർക്കൊക്കെ ഒടിടിവഴി വളരെ സേഫ് ആയി ബിസിനസ് ചെയ്യാന്‍ പറ്റി എന്നുള്ളതാണ് കൊറോണ കൊണ്ട് ഉണ്ടായ ഗുണം.
ഒടിടി എന്ന സംഭവം ഇല്ലായിരുന്നെങ്കില്‍ ഇവിടെ ഒരു നടനും സിനിമ നിർമ്മിക്കില്ലായിരുന്നു. മോഹന്‍ലാല്‍ നേരത്തേയും സിനിമ നിർമ്മിച്ചിട്ടുണ്ട്. ഇവിടേയുള്ള പല പഴയ പ്രൊഡ്യൂസർമാർക്കും നടന്‍മാരുടെ ഡേറ്റ് കിട്ടുന്നില്ല. അതുകൊണ്ടാണ് 45 ദിവസത്തിനകം ഏതെങ്കിലും സിനിമ ഒടിടിയില്‍ കൊടുത്താല്‍ ആ പടം റിലീസിന് എടുക്കില്ലെന്ന തീരുമാനം തിയേറ്ററുകാർക്ക് എടുക്കേണ്ടി വന്നത്.
മാളികപ്പുറം നിറഞ്ഞ സദസ്സില്‍ ഓടുമ്പോഴാണ് ഒടിടിയില്‍ വരുന്നത്. അപ്പോള്‍ തന്നെ തിയേറ്റർ പ്രദർശനം നിർത്തി. സിനിമ ഇത്ര വലിയ ഹിറ്റാവും എന്ന് കരുതാതെ വളരെ ചെറിയ തുകയ്ക്കാണ് ആന്റോ ജോസഫ് ഒടിടിക്ക് കൊടുത്തത്. നടന്മാർക്ക് സേഫ് സോണായപ്പോള്‍ അവർ ഞങ്ങളെ പോലുള്ള നിർമ്മാതാക്കള്‍ക്ക് ഡേറ്റ് തരുന്നില്ലെന്ന വിഷയത്തില്‍ ഡേറ്റ് തന്നാല്‍ ഞങ്ങള്‍ അവർക്കെതിരെ സംസാരിക്കും. അല്ലാതെ കള്ളപ്പണം ഉണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ സാധിക്കില്ല.
ഇന്‍കം ടാക്സ് റെയിഡ് നടത്തി കഴിഞ്ഞാല്‍ അവർ നേരെ വരുന്നത് ചേംമ്പറിലാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ സിനിമയുടെ പ്രോജക്ട് ഉണ്ടാവും. അതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തുകയാണെങ്കില്‍ പിടിക്കപ്പെടുകയും അത് വലിയ പ്രശ്നമാവും ലിസ്റ്റിന്‍ സ്റ്റീഫനും ആന്റോ ജോസഫുമൊക്കെ തന്നോട് പറഞ്ഞതെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.