മാന്നാര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ചെന്നിത്തലയിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ. ചെന്നിത്തല-തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യ്ക്കാണ് ഓണ്‍ലൈനിലൂടെ പണം നഷ്ടമായത്. ഫേസ്ബുക്കില്‍ ബാങ്കിന്റെ പേരില്‍ കണ്ട ഉടനടി ലോണ്‍ എന്ന പരസ്യമാണ് കുടുക്കിയതെന്ന് രമ്യ നല്‍കിയ പരാതിയില്‍ പറയുന്നു.
വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് രണ്ടു ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. വായ്പ ഉടനടി എന്ന ഫേസ്ബുക്ക് പരസ്യം കണ്ടതോടെ രമ്യ ‘യെസ്’ എന്ന് രേഖപ്പെടുത്തുകയും തട്ടിപ്പുകാരുടെ ആവശ്യപ്രകാരം ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് വാട്‌സാപ്പ് കോളുകള്‍ രമ്യയെ തേടിയെത്താന്‍ തുടങ്ങി. സൗമ്യമായി വായ്പയുടെ കാര്യങ്ങള്‍ വിശദീകരിച്ച ബാങ്കിന്റെ എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ ‘വായ്പക്കുള്ള്’ ലിങ്ക് രമ്യയുടെ ഫോണിലേക്ക് അയച്ചു.
ലിങ്കിലൂടെ ആവശ്യപ്പെട്ട പ്രകാരം പേര്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി അയച്ചു കൊടുത്തതോടെ ഒരുലക്ഷം രൂപ വായ്പ പാസായതായി തട്ടിപ്പുകാര്‍ അറിയിച്ചു.
പിന്നീട് മറ്റൊരാള്‍ വിളിച്ച് ഒരു ലക്ഷം രൂപ ലഭിക്കണമെങ്കില്‍ പതിനായിരം രൂപയും പിന്നീട് മുപ്പതിനായിരം രൂപയും അവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി ഈ തുകകള്‍ ഗൂഗിള്‍പേ വഴി രണ്ടു തവണയായി അടച്ചു.
തുക റീഫണ്ട് ചെയ്തു തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രമ്യയുടെ അക്കൗണ്ട് നമ്പറില്‍ തെറ്റുണ്ടെന്നും അക്കൗണ്ട് ബ്ലോക്കാണെന്നും അറിയിച്ച് 24,000 രൂപ കൂടി അയപ്പിച്ചു. 64,000 അക്കൗണ്ടിലേക്ക് എത്തിയതോടെ തട്ടിപ്പുകാര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നെന്ന് രമ്യ പരാതിയില്‍ പറയുന്നു.
വാട്‌സാപ്പ് കോളില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ബ്ലോക്ക് ചെയ്തതായി മനസിലായതോടെയാണ് വഞ്ചിക്കപെട്ടതായി രമ്യ അറിയുന്നത്. തുടര്‍ന്നാണ് രമ്യ പരാതിയുമായി മാന്നാര്‍ പൊലീസിനെ സമീപിച്ചത്.