മദ്യം ഇനി വീട്ടുപടിക്കലെത്തും! മദ്യവില്‍പ്പന ഓണ്‍ലൈനാക്കാന്‍ തീരുമാനം
ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ആവശ്യക്കാര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വാങ്ങാം. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്സൈസ് നയത്തിലാണ് ഓണ്‍ലൈനായി മദ്യം ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. റവന്യൂ വരുമാനം കൂട്ടാന്‍ 3,000 മദ്യവില്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി.
ഓണ്‍ലൈന്‍ വിതരണം നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും. ഇ-ടെണ്ടര്‍ ലേലം വഴി ഓണ്‍ലൈന്‍ മദ്യ വില്‍പനയുടെ നടപടികള്‍ തുടങ്ങും. മധ്യപ്രദേശിലെ മുന്തിരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്സൈസ് നയത്തില്‍ പദ്ധതിയുണ്ട്. മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മിക്കാനുള്ള നടപടി തുടങ്ങും. ഈ വീഞ്ഞ് വില്‍പന നടത്താന്‍ മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഔട്ട്ലറ്റുകള്‍ തുടങ്ങാനും പുതിയ എക്സൈസ് നയത്തിലുണ്ട്. പതിനായിരം രൂപയായിരിക്കും ഔട്ട്ലറ്റിന്റെ ഒരു വര്‍ഷത്തേക്കുള്ള ഫീസ്.
എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. മധ്യപ്രദേശിനെ ഇറ്റലിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്‍ഡോര്‍ ബിജെപി എംഎല്‍എ രമേശ് മെംദോല പറഞ്ഞു. ഏറ്റവും കൂടുതല്‍ വൈന്‍ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇറ്റലി. കമല്‍നാഥും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് മധ്യപ്രദേശിനെ ഇറ്റലിയാക്കാനാണോ ശ്രമിക്കുന്നത്- രമേശ് ചോദിച്ചു.