ലഖ്‌നൗ: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിനാണ് പണം നഷ്ടമായത്. ലഖ്‌നൗവിലെ ഗോംതി നഗറിലാണ് സംഭവം. യുവാവ് ഭക്ഷ്യ വിതരണ ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. വാങ്ങിയ ഭക്ഷണം മോശമായിരുന്നുവെന്ന് പരാതി പറയാന്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് നമ്പറിലേക്ക് വിളിക്കുകയും തുടര്‍ന്ന് നടത്തിയ സംഭാഷണത്തിന് ഇടയിലുമാണ് പണം നഷ്ടമായത്. ഇന്റര്‍നെറ്റിലെ ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് നമ്പര്‍ കണ്ടെത്തി ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ എടുത്തു.
തുടര്‍ന്ന്, ഫുഡ് ഡെലിവറി ആപ്പില്‍ നിന്ന് എക്‌സിക്യൂട്ടീവാണെന്നു സ്വയം പരിചയപ്പെടുത്തി. പണം തിരികെ ലഭിക്കാനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും തന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കാനും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിവരങ്ങള്‍ ചേര്‍ക്കുന്നതിനിടെ യുവാവിന്റെ ഫോണിലേക്ക് ഒടിപി കോഡ് എത്തി. ഈ നമ്പര്‍ പങ്കുവെക്കണമെന്ന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം ഇയാള്‍ പാലിച്ചു. തുടര്‍ന്നാണ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും നാല് ലക്ഷം രൂപ യുവാവിന് നഷ്ടമായത്. പണം നഷ്ടമായതിന് പിന്നാലെ എക്‌സിക്യൂട്ടീവ് നമ്പറില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരിന്നു.