KeralaNews

ഡ്രൈവിംഗ് ടെസ്റ്റില്‍ ഒരു പരിഷ്‌കാരം കൂടി,മുന്നിലെ വണ്ടിയുടെ നമ്പര്‍ വായിപ്പിക്കണം;നിര്‍ദേശിച്ച് മന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റില്‍ ഒരു പരിഷ്‌കാരം കൂടി നിര്‍ദേശിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. റോഡ് ടെസ്റ്റ് സമയത്ത് കാഴ്ച കൂടി പരിശോധിക്കണം എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനായി മുമ്പില്‍ പോകുന്ന വാഹനത്തിന്റെ നമ്പറും കമ്പനി പേരും അപേക്ഷകനെ കൊണ്ട് വായിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ തന്നെ കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. പലരും വ്യാജ സര്‍ട്ടിഫിക്കറ്റുമായിട്ടാണ് ടെസ്റ്റിന് വരുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഏജന്റ് മുഖേന ഡ്രൈവിംഗ് ടെസ്റ്റിന് വരുന്നവര്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നുണ്ട്. അതുകൊണ്ടാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സമയത്ത് കാഴ്ച പരിശോധിക്കണം എന്ന് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ പരാതി നല്‍കുമെന്നും ഡോക്ടര്‍മാര്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ കണ്ണ് പരിശോധന യന്ത്രം വാങ്ങി വെക്കാന്‍ പോലും മടിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്‌കാരങ്ങള്‍ വലിയ വിവാദങ്ങള്‍ വരുത്തി വെച്ചിരുന്നു.

23 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി കെ എസ് ആര്‍ ടി സി തുടങ്ങുമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഇന്നലെയാണ് കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിച്ചത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെ കള്ള് കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ല എന്നും ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കെ എസ് ആര്‍ ടി സിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കെ എസ് ആര്‍ ടി സി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കുമെന്നും ജനുവരിയില്‍ 1600 വണ്ടി ഷെഡില്‍ കിടന്നത് ഇപ്പോള്‍ 500 ല്‍ താഴെയായി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button