കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് സദാനന്ദന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. സദാനന്ദന് അര്‍ബുദം അടക്കമുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ള ദ്രുത പരിശോധനയിലാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്.
ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസത്തെ തുടര്‍ന്നാണ് ആദ്യം ചികിത്സതേടിയത്. അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുത്ത ന്യൂമോണിയ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കോയ മരിച്ചത്. കാര്യമായ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.