കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മൂന്നാമത്തെ എലിമിനേഷന്‍ പ്രഖ്യാപിച്ച് അവതാരകനായ മോഹന്‍ലാല്‍. ലക്ഷ്‍മി ജയന്‍, മിഷേല്‍ എന്നിവരാണ് ഇതിനു മുന്‍പ് പുറത്തായിട്ടുള്ളതെങ്കില്‍ മൂന്നാമതൊരാള്‍ കൂടി ഇന്ന് പുറത്തായി. റിതു മന്ത്ര, സൂര്യ, സജിന-ഫിറോസ്, മണിക്കുട്ടന്‍, എയ്ഞ്ചല്‍ എന്നിവരായിരുന്നു ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.
ഇതില്‍ സൂര്യ, റിതു എന്നിവര്‍ പ്രേക്ഷകരുടെ വോട്ടിംഗ് പ്രകാരം ഈ വാരം സേഫ് ആണെന്ന് മോഹന്‍ലാല്‍ ഇന്നലത്തെ എപ്പിസോഡിലേ വ്യക്തമാക്കിയിരുന്നു. അവശേഷിച്ച നാലുപേരില്‍ ഒറ്റ മത്സരാര്‍ഥിയായ സജിനയോടും ഫിറോസിനോടുമാണ് മോഹന്‍ലാല്‍ ആദ്യം സാധ്യതകളെക്കുറിച്ച് ചോദിച്ചത്. തങ്ങള്‍ ഇവിടെ തുടര്‍ന്നാലും ഇപ്പോള്‍ ഉള്ളതുപോലെയേ നിലനില്‍ക്കാനാവൂ എന്നും അതിനാല്‍ പോകുന്നതില്‍ പ്രശ്‍നമില്ലെന്നും ഫിറോസ് പറഞ്ഞു.
പിന്നീട് മണിക്കുട്ടനോടും മോഹന്‍ലാല്‍ സമാന ചോദ്യം ആവര്‍ത്തിച്ചു. 100 ദിവസം നില്‍ക്കാനാണ് ആഗ്രഹമെങ്കിലും പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ച് പുറത്തുപോകേണ്ടിവരികയാണെങ്കില്‍ അതിനു തയ്യാറാണെന്ന് മണിക്കുട്ടനും പറഞ്ഞു. സേഫ് ആണെന്ന് മോഹന്‍ലാല്‍ ആദ്യം പറഞ്ഞത് സജിന-ഫിറോസ് ആണ്.
അവസാനമായി മോഹന്‍ലാല്‍ എയ്ഞ്ചലിനോടും ചോദിച്ചു. പേര് വിളിച്ചപ്പോള്‍ത്തന്നെ ‘ഞാന്‍ അങ്ങോട്ടു വരണം അല്ലേ’ എന്നായിരുന്നു എയ്ഞ്ചലിന്‍റെ മറുപടി. അതിന്‍റെ കാരണം എന്താണെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇവിടെ നില്‍ക്കുകയാണെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാവും. മറിച്ചാണ് തീരുമാനമെങ്കില്‍ വേഗം വീട്ടില്‍ പോകാമല്ലോ- എയ്ഞ്ചല്‍ പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ ഈ ആഴ്ചയിലെ എലിമിനേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന എയ്ഞ്ചല്‍ തോമസ് ആണ് ഈ വാരം ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിന്ന് പുറത്തേക്ക് പോകുന്നത്.