FeaturedKeralaNews

ഓണ ഇളവുകള്‍ കേരളത്തില്‍ ഗുരുതര സാഹചര്യം സൃഷ്ടിക്കും; കേന്ദ്ര വിദഗ്ധ സംഘം

ന്യൂഡല്‍ഹി: ഓണത്തോടനുബന്ധിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. ടൂറിസം മേഖല തുറന്നുകൊടുത്തതും ലോക്ക്ഡൗണ്‍ ഇളവുകളും ദോഷമാകുമെന്നാണ് കേരളത്തിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.

ഈ മാസം ഒന്നു മുതല്‍ 20 വരെ സംസ്ഥാനത്ത് ഏകദേശം 4.6 ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും കേന്ദ്ര ടീമിന് നേതൃത്വം നല്‍കിയ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡോ. സുജീത് സിംഗ് പറഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് കേന്ദ്ര സംഘം സന്ദര്‍ശിച്ചത്.

കേരളത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്നും ഡോ. സുജിത് സിംഗ് പറയുന്നു. പത്തനംതിട്ട ജില്ലയില്‍ മാത്രം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 14,974 പേര്‍ക്ക് കൊവിഡ് പിടിപെട്ടപ്പോള്‍ രണ്ട് ഡോസും സ്വീകരിച്ചവരില്‍ 5,042 പേര്‍ക്ക് രോഗം ബാധിച്ചു.
എട്ട് ജില്ലകളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം ആണ്. ചില സ്ഥലങ്ങളില്‍ ഇത് വര്‍ധിക്കുന്നതായും കണ്ടെത്തി.

സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനത്തിലധികവും ഡെല്‍റ്റ വകഭേദമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. വീടുകളിലെ നിരീക്ഷണം ഫലപ്രദമാകുന്നില്ലെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു. നഗരഗ്രാമ അന്തരം ഇല്ലാത്തതാണ് സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണമാകുന്നത്. കേരളത്തില്‍ 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. ഇതും കൊവിഡ് കേസുകള്‍ ഉയരാന്‍ ഇടയാക്കുന്ന കണക്കാണ്.

കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലായതിനാല്‍ രോഗവ്യാപനം തീവ്രമായാല്‍ മരണസംഖ്യയും കുതിച്ചുയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രസംഘം റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button