തിരുവനന്തപുരം ∙ ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ഇന്നലെ വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽനിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.
മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകൾക്കാണു മൂന്നാം സമ്മാനം. ഇതിൽ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷി ലക്കി സെൻറ്റിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. ടിക്കറ്റ് വിൽപനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടി 500 രൂപയാക്കിയിട്ടും ടിക്കറ്റ് വിൽപന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടന്നു. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു വിൽപന.
ലോട്ടറി അടിച്ചാൽ സമ്മാനം കിട്ടാൻ ചെയ്യേണ്ടത്
ഓണം ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ സുഹൃത്തുക്കളോ ആവാം ഈ പങ്കാളികൾ. ഇങ്ങനെ സംഘം ചേർന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാൽ എന്തു ചെയ്യണം?
ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ നേരിട്ടോ സമർപ്പിക്കണം.