അഹമ്മദാബാദ് : നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ പ്രതികളായ ഒമ്പത് പേരെ ജനമധ്യത്തിൽ വച്ച് മർദ്ദിച്ച് പൊലീസ്. ആളുകൾ നോക്കി നിൽക്കെ ഒരു തൂണിൽ പിടിച്ച് നിർത്തി ഓരോരുത്തരെയായി വലിയ ദണ്ഡുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് നടപടിയെ പ്രശംസിച്ച് ആളുകൾ രംഗത്തെത്തുകയും ചെയ്തു.
ഗുജറാത്തിലെ ഉദ്ദേല ഗ്രാമത്തിൽ നവരാത്രി ഉത്സവം നടക്കുന്നതിനിടെയാണ് പരിപാടിക്കിടയിലേക്ക് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ഗ്രാമത്തിലുള്ളവർക്ക് മുന്നിലെത്തിച്ച് അവരെ മർദ്ദിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. പ്രതികളെ ഒരോരുത്തരെയായി ജനമധ്യത്തിൽ നിർത്തിയായിരുന്നു വടി കൊണ്ടുള്ള പൊലീസിന്റെ ആക്രമണം.
നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ ആറ് പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഉന്ധേല ഗ്രാമത്തിലെ നവരാത്രി ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടായതിന് പിന്നാലെ ഖേഡ ഡിഎസ്പി രാജേഷ് ഗാധിയ, ഖേഡ ലോക്കൽ ക്രൈംബ്രാഞ്ച് സംഘം എന്നിവർ സ്ഥലത്തെത്തി. ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഗ്രാമത്തിലെ പ്രധാന കേന്ദ്രമായ ജങ്ഷനിലാണ് ഗർബ പരിപാടി സംഘടിപ്പിച്ചത്. അതിനടുത്തായി ഒരു ക്ഷേത്രവും പള്ളിയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മറ്റൊരു സമുദായത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് കല്ലേറുണ്ടായത്.
പ്രദേശവാസികളായ ആരിഫ്, സാഹിർ എന്നിവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പരിപാടിക്കിടെ സംഘം ശല്യമുണ്ടാക്കാൻ തുടങ്ങി. പിന്നീട് കല്ലേറുണ്ടായി. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റെന്നും ഡിഎസ്പി രാജേഷ് ഗാധിയ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിൽ പൊലീസിനെ വിന്യസിക്കുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.