ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. ഇതുവരെ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഇന്നലെ 6,987 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 7,091 പേര്‍ രോഗമുക്തി നേടി. ഇരുപത്തിനാല് മണിക്കൂറിനിടെ 162 പേര്‍ മരിച്ചു.
രാജ്യത്ത് 76,766 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 3,42,30,354 പേര്‍ രോഗമുക്തരായതായും 4,79,682 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ജനുവരി 10 മുതല്‍ ആരോഗ്യ, മുന്‍നിര തൊഴിലാളികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ”മുന്‍കരുതല്‍ ഡോസുകള്‍” അല്ലെങ്കില്‍ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ചു.
ജനുവരി 3 മുതല്‍ കൊവിഡ്-19 നെതിരെ 15-18 വയസ് പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഒമൈക്രോണ്‍ വേരിയന്റിന്റെ വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം.