InternationalKerala

ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കയില്‍ ഒറ്റദിവസം കൊണ്ട് ഇരട്ടി രോഗികള്‍; 24 രാജ്യങ്ങളില്‍ സാന്നിധ്യം

ജൊഹന്നാസ്ബെർഗ്: കൊറോണ വൈറസ് വകഭേദം ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകം. ഇന്ത്യയിൽ, വ്യാഴാഴ്ച ഇതാദ്യമായി രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ടു പുരുഷന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ഒമിക്രോൺ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ, രോഗം അതിവേഗം വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ലോകരാജ്യങ്ങൾ ഒമിക്രോൺ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ വിമാനക്കമ്പനികളോട് അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 24 രാജ്യങ്ങളിൽ ഒമിക്രോൺ എത്തിപ്പെട്ടിട്ടുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.

മുൻപുണ്ടായ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. ഒമിക്രോൺ വകഭേദത്തിന്റെ വരവ് ഫിനാൻഷ്യൽ മാർക്കറ്റുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് പൂർണമായും മോചിതമാകാത്ത പശ്ചാത്തലത്തിൽ ഒമിക്രോണിന്റെ വരവ് പുതിയ നിയന്ത്രണങ്ങൾക്ക് വഴിവെച്ചേക്കുമോ എന്ന ഭയത്തെ തുടർന്നാണിത്.

രോഗപ്രതിരോധശേഷിയെ കുറച്ചൊക്കെ അതിജീവിക്കാൻ ഒമിക്രോണിന് സാധിക്കും. എങ്കിലും നിലവിലുള്ള വാക്സിനുകൾക്ക് രോഗം ഗുരുതരമാകുന്നതിനെയും മരണത്തെയും ഒഴിവാക്കാൻ സാധിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ചത് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ്.

ഒമിക്രോണിന്റെ വ്യാപനശേഷിയെ എത്രത്തോളമാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടനാ എപിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button