FeaturedNewspravasi

കൊവിഡ് പ്രതിസന്ധികാലത്ത് സ്വദേശിവത്കരണവും,നിലയില്ലാക്കയത്തിലായി ഒമാനിലെ പ്രവാസികള്‍,ജീവന്‍ പണയംവെച്ച് കൊവിഡ് ആശുപത്രികളില്‍ ജോലിനോക്കുന്ന നഴ്‌സുമാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ്

മസ്‌കറ്റ് :ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോഴും സ്വേദശിവത്കരണ നടപടികള്‍ക്ക് ആക്കം കൂട്ടി ഗള്‍ഫ് രാജ്യമായ ഒമാന്‍.സ്വന്തം ജീവന്‍പോലും പണയംവെച്ച് ഒമാനി പൗരന്‍മാരുടെ ജീവന്‍ തിരിച്ചുപിടിയ്ക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന നഴ്‌സുമാരടക്കം നിരവധി മലയാളികള്‍ക്ക് ഭരണകൂടം ഇതിനകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. നോട്ടീസ് ലഭിച്ച് മൂന്നു മാസത്തനികം ജോലിയില്‍ നിന്നും പുറത്താകുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരിയ്ക്കുന്നു.

കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ പകച്ചുവില്‍ക്കുന്ന പ്രവാസികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയാണ് പിരിച്ചുവിടല്‍.സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയുംപിരിച്ചുവിട്ടുകൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിനു ഒമാന്‍ ഭരണകൂടം നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു.

സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശ ജീവനക്കാരെയും ഘട്ടംഘട്ടമായി പിരിച്ചുവിടും. പകരം ഒമാന്‍ പൗരന്മാരെ ആ തസ്തികകളില്‍ നിയമിക്കും. ഇതിനുവേണ്ട തുടര്‍ നടപടി കൈക്കൊള്ളാന്‍ ഒമാന്‍ ഭരണകൂടം ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ജോലിക്ക് യോഗ്യരായ സ്വദേശി പൗരന്മാരെ ഉടന്‍ കണ്ടെത്തി മതിയായ പരിശീലനം നല്‍കും.ജൂലായ് മാസത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിര്‍ദേശം.

എന്നാല് അപ്രതീക്ഷിതമായി കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ യാതൊരു സമയക്രമവും പാലിയ്ക്കാതെ രാപ്പകല്‍ കഷ്ടപ്പെടുകയാണ് ആരോഗ്യമേഖലയിലെയടക്കം പ്രവാസികള്‍.സ്വദേശിവത്കരണ പദ്ധതി നടപ്പാകുന്നതോടെ ഒമാനിലെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ അവരവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാമെന്ന് ഭരണകൂടം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ഒഴിവുകളിലും സ്വദേശികളെയാവും നിയമിക്കുക. സ്വകാര്യ മേഖലയിലെ വിദേശികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാവുക എന്ന് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സ്വകര്യ മേഖലയിലെ സ്വദേശിവത്കരണം കൂടി യാഥാര്‍ഥ്യമാകുന്നതോടെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കൂടും. ഏതൊക്കെ മേഖലയില്‍നിന്ന് ആരെയൊക്കെ പിരിച്ചു വിടണം എന്ന് വിവിധ വകുപ്പുകള്‍ പഠനം നടത്തും. ഇത്തരം പഠനങ്ങളും തുടര്‍ നടപടികളും വേഗത്തിലാക്കാന്‍ ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഒമാന്‍ ഭരണകൂടം ഇത്ര വലിയ രീതിയില്‍ സ്വദേശിവത്കരണ നടപടികള്‍ പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ നിതാഖാത്തിനുശേഷം
ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വലിയരീതിയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഇപ്പോള്‍തന്നെ ഒമാനിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍നഷ്ടമായി കഴിഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍കൂടി പ്രാബല്യത്തിലാകുന്നതോടെ ഒമാനിലെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുകയോ മറ്റ് ഗള്‍ഫ് നാടുകളില്‍ തൊഴില്‍ അന്വേഷിയ്‌ക്കേണ്ടി വരികയോ ചെയ്യും.

അതേ സമയം നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുമ്പോവും പുതിയ ആളുകളുടെ നയമനം നിര്‍ബാധം നടക്കുന്നുണ്ടെന്നാണ് സൂചന. ഒമാനി ഭരണകൂടത്തിലെ ഉന്നതരും റിക്രൂട്ടിംഗ് കമ്പനികളുമായുള്ള ഒത്തുകളിയാണ് ഈ കള്ളക്കളിയ്ക്ക് പിന്നില്‍.

ദീര്‍ഘനാള്‍ ജോലിനല്‍കാമെന്ന ഉറപ്പുനല്‍കിയാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ നഴ്‌സുമാര്‍ അടക്കമുള്ളവരെ ഒമാനിലെത്തിച്ച്ത്. നാട്ടില്‍ അഭിമുഖത്തിനും പരീക്ഷയ്ക്കുമായെത്തിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇക്കാര്യം സമ്മതിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോലി ആരംഭിച്ചശേഷം സ്വദേശിവത്കണത്തിന്റെ പേരില്‍ പിരിച്ചുവിടല്‍ നടപടികളുമായാണ് പിന്നീട് മുന്നോടുപോകുന്നത്.

നാലുലക്ഷത്തിലധികം രൂപ നല്‍കിയാണ് മിക്കവരും ഒമാനിലെത്തിയത്.രണ്ടും മൂന്നും വര്‍ഷം പരിചയമുള്ള ആളുകളെ ഒഴിവാക്കി പുതിയ ആളുകളെ നിയമിയ്ക്കുമ്പോള്‍ കോടികളാണ് ഇടനിലക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിട്ടുന്നത്. 2015 അഭിമുഖം പാസായവര്‍ക്കുപോലും വിസ ലഭിച്ചത് 2017 ലായിരുന്നു.ഒമാനിലെത്തി രണ്ടു വര്‍ഷം കഴിയുമ്പോള്‍ പിരിച്ചുവിടുകയും ചെയ്യും.

മന്ത്രാലയ പ്രതിനിധികളുടെയും റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെയും വാക്കുവിശ്വസിച്ച് ജോലിയ്‌ക്കെത്തിയശേഷം വീടുപണിയുന്നതിനും നാട്ടിലെ മറ്റാവശ്യങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ വായ്പകള്‍ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്തവരുമുണ്ട്. ജോലി നഷ്ടമായി മടങ്ങമ്പോള്‍ ഈ തുക തിരിച്ചടയ്ക്കാന്‍ പോലും പലരുടെയും കയ്യില്‍ പണമില്ല. പണം തിരിച്ചടിയ്ക്കണമെങ്കില്‍ നാട്ടില്‍ നിന്ന് ഒമാനിലേക്ക് പണം അയയ്‌ക്കേണ്ട അവസ്ഥയില്‍. പിരിച്ചുവിടല്‍ സമയത്ത് ലഭിയ്ക്കുന്ന പണം കൊണ്ട് വിമാനം ലഭ്യമാകും വരെ ഒമാനില്‍ തങ്ങുന്നതും ദുഷ്‌കരമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

സ്വദേശിവത്കരണം അതത് രാജ്യത്തിന്റെ നയപരമായ പരിപാടികളാണെങ്കിലും അവശ്യസര്‍വ്വീസുകളായ ആരോഗ്യരംഗത്തെയെങ്കിലും ഒഴിവാക്കാന്‍ രാജ്യം നയതന്ത്രസമ്മര്‍ദ്ദം ചൊലുത്തണമെന്നാണ് പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button